തൃശ്ശൂരിൽ മദ്യപിച്ച് വാഹനമോടിച്ച ഏഴ് സ്വകാര്യബസ് ഡ്രൈവർമാർ കസ്റ്റഡിയിൽ

തൃശൂരിൽ മദ്യപിച്ച് വാഹനമോടിച്ച ഏഴ് സ്വകാര്യബസ് ഡ്രൈവർമാർ കസ്റ്റഡിയിൽ. സ്വകാര്യ ബസുകൾക്കെതിരെ തൃശ്ശൂർ ഈസ്റ്റ് പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു നടപടി. മദ്യപിച്ചതായി കണ്ടെത്തിയ അഞ്ച് ബസ് കണ്ടക്ടർമാരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ ആറുമണി മുതൽ ആയിരുന്നു ഈസ്റ്റ് പോലീസിന്റെ പരിശോധന. തൃശ്ശൂർ നഗരത്തിലെ രണ്ട് ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്. കാർ യാത്രികനെ ആക്രമിച്ച മൂന്ന് ബസ് ജീവനക്കാരെ ഇന്നലെ തൃശ്ശൂർ വെസ്റ്റ് പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പൊലീസ് സ്വകാര്യബസുകൾക്കെതിരെ പരിശോധനകൾ കടുപ്പിക്കുന്നത്.
മദ്യപിച്ചെന്ന് കണ്ടെത്തിയ സ്വകാര്യ ബസ് ജീവനക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് എസിപി സജീവ് പറഞ്ഞു. ഇവർ മുന്‍പും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. മദ്യപിച്ച് വാഹനമോടിക്കാൻ ഡ്രൈവറെ പ്രേരിപ്പിച്ചെന്ന് കണ്ടെത്തിയാൽ ഡ്രൈവർമാർക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന് എസിപി വ്യക്തമാക്കി.