ദേശീയ കുഴിയെത്ര, പിഡബ്ല്യൂഡി കുഴിയെത്ര എന്നതല്ല, മരിക്കുന്നത് മനുഷ്യന്‍'; റിയാസിനെതിരെ വി ഡി സതീശന്‍


നെടുമ്പാശ്ശേരി ദേശീയ പാതയില്‍ ഇരുചക്രവാഹന യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭവത്തില്‍ ദേശീയപാതാ അതോറിറ്റിയെ പഴിചാരിയ മുഹമ്മദ് റിയാസിന്റെ നടപടിയെയാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഇപ്പോള്‍ കാണുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. 'ദേശീയ കുഴിയെത്രയാണ്, പിഡബ്ലൂഡി കുഴിയെത്ര, സംസ്ഥാന കുഴിയെത്രയാണ് എന്നതാണ് ചര്‍ച്ച. ദേശീയ കുഴിയായാലും സംസ്ഥാന കുഴിയായാലും വീഴുന്നത് മനുഷ്യര്‍ തന്നെയാണ്. പരിഹാരം ഉണ്ടാക്കണം.' അപകടത്തില്‍ മരിച്ച ഹാഷിമിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് വി ഡി സതീശന്റെ പ്രതികരണം.

അപകടകരമായ രീതിയിലേക്ക് പോകുന്നു എന്നത് കൊണ്ടാണ് വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്ന് ഗൗരവകരമായ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പരിഹാസത്തോടെയാണ് അതിനെ കണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു. ദേശീയ പാതയിലും പൊതുമരാമത്ത് റോഡിലും കുഴികളുണ്ട്. മന്ത്രിക്ക് പരിചയക്കുറവാണ്. സാധാരണ ഗതിയില്‍ പ്രീ മണ്‍സൂര്‍ പീരിയഡില്‍ റോഡുകളില്‍ പണി നടക്കും. എന്നാല്‍ ഇത്തവണ അത് ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.

You might also like

  • Straight Forward

Most Viewed