നിമിഷ പ്രിയയുടെ മോചനം; നയതന്ത്ര ഇടപെടലിന് സാധിക്കില്ലെന്ന് കേന്ദ്രം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ കോടതിയിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് ഇടപെടാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നയതന്ത്ര ഇടപെടലിന് സാധിക്കില്ലെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലഡ് മണി നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള ചർച്ചകളിൽ പങ്കെടുക്കാനാകില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അതേസമയം, യെമൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ നിമിഷ പ്രിയയുടെ ബന്ധുക്കൾക്ക് സഹായം ലഭ്യമാക്കുമെന്നും ബന്ധുക്കൾക്ക് അടക്കം യെമനിലേക്ക് യാത്രയ്ക്ക് സൗകര്യമൊരുക്കുമെന്നുമുള്ള മുൻനിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ചു.
നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജിയും ഡൽഹി ഹൈക്കോടതി തള്ളി. ആദ്യം ബന്ധുക്കൾ മുഖേന ഒത്തുതീർപ്പ് ചർച്ചകൾ നടക്കട്ടെയെന്ന് നിർദേശിച്ചാണ് ഡൽഹി ഹൈക്കോടതി ഹർജി തള്ളിയത്. നടപടികളിൽ തടസമുണ്ടായാൽ ഉചിതമായ സമയത്ത് കോടതിയെ സമീപിക്കാവുന്നതാണെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിൻ സാംഘി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.