ഗവർണർക്കെതിരെ ഭരണപക്ഷവും; ഗവർണർക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് ഒഴിവാക്കി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഭരണപക്ഷവും. നയപ്രഖ്യാപന പ്രസംഗത്തിലെ പതിവ് കാഴ്ചയായ ഡെസ്‌കിലടിച്ചുള്ള പിന്തുണ ഇത്തവണയുണ്ടായില്ല. കൂടാതെ ഗവർണർക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടും ഭരണപക്ഷ അംഗങ്ങൾ ഒഴിവാക്കി. സർക്കാർ നേട്ടങ്ങൾ ഗവർണർ പറയുന്പോഴും ഭരണപക്ഷത്തിന്‍റെ ഭാഗത്ത് നിന്നും സന്പൂർണ നിശബ്ദതയായിരുന്നു.
അതേസമയം, ഗവർണറുടെ അനാവശ്യ സമ്മർദത്തിന് സർക്കാർ കീഴടങ്ങിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പൊതുഭരണ സെക്രട്ടറിയെ ബലിയാടാക്കിയത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. സർക്കാരിന്‍റെ നിയമവിരുദ്ധമായ നടപടികൾക്ക് ഗവർണറുടെ ഒത്താശയുണ്ടെന്നും കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ഗവർണറും കബളിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.