ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനം; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. പ്രതിഷേധമുയർത്തിക്കൊണ്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ പ്രതിനിധികൾ നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കണ്ടു.
സർക്കാർ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗവർണർ കൂട്ടുനിൽക്കുകയും ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലറുടെ നിയമനത്തിന് ഗവർണർ കൂട്ടുനിന്നു. കേരളത്തിൽ അഴിമതിക്ക് കളമൊരുക്കുന്ന ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവെയ്ക്കുകയാണ് ഗവർണർ ചെയ്യുന്നത്. ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്ന് പ്രതിപക്ഷം ഗവർണറോട് ആവശ്യപ്പെട്ടെങ്കിലും സർക്കാരുമായി ഗൂഢാലോചന നടത്തി ഓർഡിനൻസിൽ ഒപ്പുവെയ്ക്കുകയാണ് ഗവർണർ ചെയ്തത്.
സംഘപരിവാറിന്റെ ഏജന്റായി ഗവർണർ പ്രവർത്തിച്ചു. സംഘപരിവാറിന്റെ താൽപര്യങ്ങളാണ് സംരക്ഷിക്കുന്നത്. രാജ്ഭവനിൽ ആദ്യമായി ബിജെപിയുടെ സംസ്ഥാന നേതാവിനെ നിയമിക്കാൻ ഗവർണർ ആവശ്യപ്പെടുകയും സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു. സർക്കാരും ഗവർണറും തമ്മിലുള്ള കൊടുക്കൽ വാങ്ങലാണ് ഇവിടെ നടക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്.കർത്തയെ നിയമിച്ചത് തൊട്ടുണ്ടായ വിവാദം പൊതുഭരണ സെക്രട്ടറിയെ സ്ഥാനത്ത് നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ച നാടകീയ നീക്കങ്ങളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന് ഉപാധിവെച്ച ഗവർണർക്ക് മുന്നിൽ പൊതുഭരണ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ മാറ്റി സർക്കാർ അനുരഞ്ജനം ഗവർണർ സ്വീകരിച്ചതോടെ അനിശ്ചിതത്വം അവസാനിക്കുകയായിരുന്നു.
ലോകായുക്ത നിയമഭേദഗതി ഓർഡിനന്സ്, കെഎസ്ഇബി വിവാദം ഗവർണർ − സർക്കാർ തർക്കം, പെന്ഷന് പ്രായം എന്നിവയൊക്കെ നിയമസഭയിൽ വലിയ ചർച്ചയാകും. പ്രതിപക്ഷം കടുത്ത നിലപാടിലേക്കാണ് കടക്കുന്നത്. നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടെന്നാണ് വിവരം. മാർച്ച് 11നാണ് ബജറ്റ്.