കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്ന് വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാർത്ഥി അവശനിലയിൽ


കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്ന് വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാർത്ഥി അവശനിലയിൽ ചികിത്സയിൽ. കോഴിക്കോട്ടേക്ക് വിനോദയാത്ര വന്ന കുട്ടിയാണ് ചികിത്സയിലുള്ളത്. കുട്ടി കുടിച്ച അസിഡിക് സ്വഭാവമുള്ള രാസലായിനി ഏതാണെന്നതിൽ വ്യക്തതയില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പൊള്ളലേറ്റു.

ആസിഡ് കുടിച്ചയുടൻ കുട്ടി സുഹൃത്തിന്റെ തോളിലേക്ക് ഛർദിക്കുകയായിരുന്നു. ഛർദ്ദിൽ വീണ കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റിട്ടുണ്ട്. രണ്ട് കുട്ടികളെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു തട്ടുകടയിൽ നിന്ന് എരിവുള്ള ഭക്ഷണം കഴിച്ചുവെന്നും വല്ലാതെ എരിഞ്ഞപ്പോൾ തൊട്ടടുത്ത് കണ്ട കുപ്പിയിൽ വെള്ളമാണെന്ന് കരുതി എടുത്ത് കുടിച്ചുവെന്നുമാണ് ലഭ്യമായ വിവരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് പ്രാഥമിക ചികിത്സ നൽകിയ കുട്ടിയെ പിന്നീട് പയ്യന്നൂരിലേക്ക് കൊണ്ടുപോയി. ഇപ്പോൾ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.

മദ്രസയിൽ നിന്നുള്ള പഠനയാത്രയുടെ ഭാഗമായാണ് കുട്ടികൾ കോഴിക്കോട്ട് വന്നത്. ഉപ്പിലിട്ടത് വേഗം പാകമാകാൻ പ്രദേശത്തെ കടക്കാർ ചില രാസവസ്തുക്കൾ ചേർക്കുന്നതായി പ്രദേശത്ത് വ്യാപക പരാതിയുണ്ട്. ഈ ഗണത്തിൽപ്പെടുന്ന ദ്രാവകമായിരിക്കാം കുട്ടി കുടിച്ചതെന്നാണ് അനുമാനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed