സിഡബ്ല്യുസി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ്

തൃശൂർ: സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) പിരിച്ചുവിടണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. പേരൂർക്കടയിൽ അമ്മയിൽനിന്നും കുട്ടിയെ കൈമാറിയതില്‍ ക്രമക്കേടുണ്ട്. നിയമം പാർട്ടി കൈയിലെടുക്കുന്നു. അതിന്‍റെ ദുരന്തമാണ് സെക്രട്ടേറിയറ്റിന്‍റെ മുൻപിൽ സ്വന്തം കുഞ്ഞെവിടെയെന്ന് ചോദിച്ച് പാർട്ടി നേതാവിന്‍റെ മകൾക്ക് സമരം നടത്തേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് എസ്എഫ്ഐക്കാർ പെൺകുട്ടിയെ അധിക്ഷേപിച്ചു. എന്നിട്ട് അവർക്കെതിരെ കള്ളക്കേസും ചുമത്തി. പാർട്ടിക്കാർ ചെയ്യുന്ന എല്ലാ തെറ്റുകൾക്കും കുട പിടിച്ചു കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും സതീശന്‍ കൂട്ടിച്ചേർത്തു.