ദേശീയപാത‍യ്ക്കായി ഭൂമി വിട്ടുനല്‍കി ചെറുവത്തൂര്‍ കൊവ്വല്‍ അഴിവാതുക്കല്‍ ക്ഷേത്രം


 

ചെറുവത്തൂർ: ദേശീയപാതാ വികസനത്തിനായി ഭൂമി വിട്ടു നല്‍കി ചെറുവത്തൂര്‍ കൊവ്വല്‍ അഴിവാതുക്കല്‍ ക്ഷേത്രം. ഇതിനായി നിലവിലെ സ്ഥലത്തു നിന്നും ക്ഷേത്രം മാറ്റിപ്പണിയാനും ക്ഷേത്രക്കമ്മിറ്റി തീരുമാനിച്ചു.
ദേശീയപാത 66-ന്റെ വികസനത്തിന് ക്ഷേത്രമിരിക്കുന്ന സ്ഥലം അധികൃതർ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടപ്പോൾ തടസ്സവാദങ്ങളും ഒഴിവുകഴിവുകളും നിരത്തി എതിർക്കാതെ ക്ഷേത്രം മാറ്റിപ്പണിയാനാണ് നാട്ടുകാർ ശ്രമിച്ചത്. തന്ത്രിയുമായി ആലോചിച്ച് സമിതിയുണ്ടാക്കി ഇതിനുള്ള പ്രവർത്തനവും തുടങ്ങി. ഇതിന്റെ ഭാഗമായി ആദിക്ഷേത്രത്തിലെ ദേവചൈതന്യം ആവാഹിച്ച് ബാലാലയത്തിൽ പ്രതിഷ്ഠിച്ചു. ജൂലായ് 13, 14, 15 തീയതികളിലായി ക്ഷേത്രം തന്ത്രി നെല്ലിയോട്ട് വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ബാലാലയപ്രതിഷ്ഠ നടന്നത്. പുതിയ ക്ഷേത്രം പണിത് പുനഃപ്രതിഷ്ഠ നടക്കുന്നതുവരെ ബാലാലയത്തിൽ ആരാധന തുടരും.
അള്ളട ദേശത്ത് ചെറുവത്തൂരിടത്തെ ആദിക്ഷേത്രമാണിത്. ദേശാധികാരമുണ്ടായിരുന്ന കൊക്കിനി തറവാട്ടുകാർ പണിത ക്ഷേത്രം പിന്നീട് നാട്ടുകാരേറ്റെടുത്ത് പരിപാലിച്ചു. തുലാം 14 മുതൽ 17 വരെയാണ് ഒറ്റക്കോല ഉത്സവം. വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശമാണ് പ്രധാനം. വി.വി.ഗംഗാധരൻ പ്രസിഡന്റും രതീഷ് ചക്രപുരം സെക്രട്ടറിയും ചന്ദ്രൻ കലിയന്തിൽ ട്രഷററുമായ സമിതിയാണ് പുതിയ ക്ഷേത്രം പണിയുന്നതിന് നേതൃത്വം നൽകുന്നത്. ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുമ്പോള്‍ ആരാധനാലയങ്ങളെ ബാധിച്ചാല്‍ ദൈവം പൊറുക്കുമെന്ന് അടുത്തിടെ ഹൈക്കോടതി പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed