സിപിഎമ്മിന്‍റെ കള്ളപ്പണമാണ് സഹകരണ ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് കെ.സുരേന്ദ്രൻ


തിരുവനന്തപുരം: സിപിഎമ്മിന്‍റെ കള്ളപ്പണമാണ് സഹകരണ ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 106 സഹകരണ ബാങ്കുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിലെ പണം മന്ത്രി ആർ.ബിന്ദു മത്സരിച്ച ഇരിങ്ങാലക്കുട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിനിയോഗിച്ചിട്ടുണ്ട്. മുൻമന്ത്രി എ.സി.മൊയ്തീനും ബിന്ദുവിന്‍റെ ഭർത്താവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവനും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കരുവന്നൂർ തട്ടിപ്പിനെക്കുറിച്ച് നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം സിപിഎം നേതാക്കളെ കേസിൽ നിന്നും സംരക്ഷിക്കാൻ വേണ്ടിയാണ്. നേതാക്കളുടെ അറിവോടെ നടത്തിയ തട്ടിപ്പിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊടകര കുഴൽപ്പണക്കേസ് മല എലിയെ പ്രസവിച്ച പോലെയാണ്. സിപിഎമ്മിന്‍റെ രാഷ്ട്രീയ പ്രമേയമാണ് കുറ്റപത്രമായി തയാറാക്കിയിരിക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലയിലാണ് കുറ്റപത്രമെന്നും കോടതിയിൽ എത്തിയാൽ കേസ് നിലനിൽക്കുമെന്ന് തോന്നുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

You might also like

Most Viewed