ഹരിത ഇന്ധനം ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ എൽ.എൻ.ജി.−എ.സി. ബസ് സർവീസ് ആരംഭിച്ചു
തിരുവനന്തപുരം: ഹരിത ഇന്ധനം ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ എൽ.എൻ.ജി.−എ.സി. ബസ് സർവീസ് ആരംഭിച്ചു. എൽജി. ബസുകളുടെ ഓട്ടം വിജയകരമായാൽ അടുത്തവർഷം ഇത്തരത്തിലുള്ള 400 ബസുകൾ പുറത്തിറക്കലാണ് കെ.എസ്.ആർ.ടി.സി.യുടെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു. ബസ് സർവീസ് തന്പാനൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നുമാസം പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തും. ഇത് വിജയകരമായാൽ ഘട്ടംഘട്ടമായി കെ.എസ്.ആർ.ടി.സി. ബസുകൾ എൽ.എൻ.ജി.യിലേക്കും സി.എൻ.ജി.യിലേക്കും മാറുമെന്നും മന്ത്രി പറഞ്ഞു. ബസിൽ ഇന്ധനം നിറയ്ക്കാന് ആലുവ, ഏറ്റുമാനൂർ, പാപ്പനംകോട്, വെള്ളറട എന്നിവിടങ്ങളിലെ സാധ്യത പരിശോധിക്കാൻ പെട്രോനെറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു സംരംഭം. തിരുവനന്തപുരം−എറണാകുളം, എറണാകുളം−കോഴിക്കോട് റൂട്ടുകളിലാണ് സർവീസ്. കെ.എസ്.ആർ.ടി.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ പെട്രോനെറ്റ് എൽ.എന്.ജി. ലിമിറ്റഡ് വൈസ് പ്രസിഡന്റ് യോഗാന്ദ റെഡ്ഡിയുമായി ധാരണപത്രം ഒപ്പുവെച്ചു. കെ.എസ്.ആർ.ടി.സി. ദക്ഷിണമേഖലാ എക്സിക്യുട്ടീവ് ഡയറക്ടർ ജി. അനിൽകുമാർ, തൊഴിലാളി യൂണിയൻ നേതാക്കളായ വി. ശാന്തകുമാർ, ഡി. അജയകുമാർ, കെ.എൽ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
ഇന്ധന വിലവർദ്ധനമൂലമുള്ള സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർധന പരിഗണിക്കുന്നില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സഹകരണബാങ്ക് വഴിയുള്ള പെൻഷൻ വിതരണത്തിന് കരാർ പുതുക്കും. കെ.എസ്.ആർ.ടി.സി.യിൽ സാന്പത്തിക അച്ചടക്കം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.



