മദ്യശാലകൾ തുറക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സർക്കാർ വിശദീകരിക്കണമെന്ന് കെ. സുധാകരൻ


തിരുവനന്തപുരം: മദ്യശാലകൾ തുറക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സർക്കാർ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ആരാധനാലയങ്ങളും ലൈബ്രറികളുംസിനിമ തിയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങൾ ടിപിആറിന്റെ അടിസ്ഥാനത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ ഉടന് നൽകണം.

ജനങ്ങൾ സാന്പത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് മദ്യശാലകൾ മാത്രം തുറന്ന് കൊടുത്തത് അശാസ്ത്രീയമാണ്. പൊതു ഇടങ്ങൾ തുറക്കാനുള്ള സർക്കാരിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണം. വരുമാനം ഉള്ള സ്ഥാപനങ്ങൾ മാത്രം തുറന്ന് പ്രവർത്തിപ്പിക്കുകയാണ് നിലവിൽ സർക്കാരിന്റെ മാനദണ്ഡം. ജനങ്ങൾക്ക് പ്രയോജനമുള്ള മിക്ക സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്.

കേരളത്തിനേക്കാൾ ടിപിആറും കോവിഡ് കേസുകളും ഉണ്ടായിരുന്ന സംസ്ഥാനങ്ങൾ സാധാരണ ജനജീവിതത്തിലേക്ക് മടങ്ങി. എന്നാൽ കേരളം ഇപ്പോഴും കനത്ത കോവിഡ് ഭീതിയിലാണ്.

പൊതുഗതാഗത സംവിധാനം തുറന്ന് കൊടുത്തതിലടക്കം സർക്കാർ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ അപ്രായോഗികമാണ്. സർക്കാർ ഉദ്യേഗസ്ഥരടക്കം പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാഹചര്യത്തിൽ പൊതു ഗതാഗതംപരിമിതപ്പെടുത്തുന്നത് ഫലത്തിൽ അശാസ്ത്രീയവും വിപരീതഫലം സൃഷ്ടിക്കുന്നതുമാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൂടുതൽ ആളുകൾക്ക് സൗകര്യപൂർവ്വം യാത്ര ചെയ്യാനുള്ള സാഹചര്യമാണ് സർക്കാർ ഒരുക്കേണ്ടത്.

വാരാന്ത്യ ലോക്ഡൗൺ പോലെയുള്ള സാമാന്യ ബോധ്യത്തിന് നിരക്കാത്ത മാർഗങ്ങൾ സർക്കാർ പുനഃപരിശോധിക്കണം. വെള്ളിയാഴ്ചകളിൽ കനത്ത തിക്കും തിരക്കും സൃഷ്ടിച്ച് സൂപ്പർ സ്പ്രെഡിന് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. ടിപിആർ കൂടുന്നതിനനുസരിച്ച് ലോക്ഡൗൺ പ്രഖ്യാപിക്കുകയും നീട്ടുകയും ചെയ്യുക എന്നതിലുപരിയായി ഒരു ദീർഘവീക്ഷണവും സർക്കാരിനില്ല. മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ പ്രഖ്യാപനങ്ങളിൽ മാത്രമേയുള്ളു.

മിക്ക രാജ്യങ്ങളും ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിച്ച് നിലവിലെ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുന്പോൾ കേന്ദ്ര−സംസ്ഥാന സർക്കാരുകളുടെ ദീർഘവീക്ഷണമില്ലാത്ത നയങ്ങൾ ജനങ്ങളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നു. പ്രതിസന്ധിഘട്ടത്തിൽ സർക്കാർ ഇരകളെ സൃഷ്ടിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത കോൺഗ്രസിനുണ്ട്.

അശാസ്ത്രീയ സമീപനങ്ങളിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞ് ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.

You might also like

Most Viewed