മങ്കടയിൽ ഗുഡ്‌സ് ഓട്ടോറിക്ഷയും സ്വകാര്യബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

മലപ്പുറം: മങ്കടയിൽ ഗുഡ്‌സ് ഓട്ടോറിക്ഷ സ്വകാര്യബസിലിടിച്ച് മൂന്നുപേർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്നവരാണ് മരണമടഞ്ഞത്. ഓട്ടോയിൽ ഡ്രൈവർ ക്യാബിനിൽ വാഹനമോടിച്ചയാൾക്കു പുറമേ രണ്ടുപേർ കൂടിയുണ്ടായിരുന്നു. കോഴിക്കോട് മുക്കം അഗസ്‌ത്യമൂഴി സ്വദേശി എൻ.സിജു ആണ് മരണമടഞ്ഞതിൽ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല.
ഗുഡ്‌സ് ഓട്ടോ ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് സംഭവം കണ്ട സ്ഥലവാസികൾ അറിയിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബസിനടിയിൽ നിന്നും ഓട്ടോ പുറത്തെത്തിക്കാനായത്. ഇതിനുശേഷമാണ് കുടുങ്ങിക്കിടന്നവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ വൈകാതെ മൂവരും മരണമടഞ്ഞു. ഇരുവാഹനങ്ങളും അതിവേഗത്തിലാണ് വന്നിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.