രമേശ് ചെന്നിത്തല കോൺഗ്രസിലെ സംഘി ഗ്രൂപ്പിന്‍റെ തലൈവർ: ജലീൽ

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളും രൂക്ഷ വിമർശനങ്ങളുമായി മന്ത്രി കെ.ടി.ജലീൽ. കോൺഗ്രസിന്‍റെ സംഘി ഗ്രൂപ്പിന്‍റെ തലൈവറാണ് ചെന്നിത്തല. മകനു ഐഎഎസ് കിട്ടാൻ വഴിവിട്ട കളികൾ നടത്തി. കിട്ടാതായപ്പോൾ ഐആർഎസിൽ തൃപ്തിയടഞ്ഞു. മറ്റൊരു മകന് ഫീസ് കൊടുക്കാനായി ചെന്നിത്തല കൈക്കൂലി വാങ്ങിയെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ഐശ്വര്യ കേരള യാത്രയുടെ തവനൂർ മണ്ഡലത്തിലെ സ്വീകരണത്തിനിടെ ഫേസ്ബുക്കിൽ പ്രതിപക്ഷ നേതാവ് തനിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് ഫേസ്ബുക്കിലൂടെ തന്നെ മറുപടി നൽകുകയായിരുന്നു ജലീൽ. ബന്ധുനിയമനം, മാർക്ക് ദാനം, സർവകലാശാലകളിലെ സ്വജനപക്ഷപാതം, സ്വർണക്കടത്ത് ഇങ്ങനെ കറപുരണ്ട അഞ്ചു വർഷങ്ങളുടെ ട്രാക്ക് റിക്കാർഡാണ് തവനൂരിന്‍റെ ജനപ്രതിനിധി കെ.ടി.ജലീലിന്‍റേത്' ഇതായിരുന്നു ജലീലിനെ വിമർശിച്ചുകൊണ്ട് ചെന്നിത്തലയുടെ പോസ്റ്റ്.