രമേശ് ചെന്നിത്തല ഇന്നും കെ.എസ്.യു പ്രസിഡന്റിനെ പോലെ: അൽപ്പം കൂടി വളർച്ച കാണിക്കാമെന്ന് സ്‌പീക്കർ
തിരുവനന്തപുരം: നിയമസഭയിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തളളി. സ്‌പീക്കറുടെ മറുപടി പ്രസംഗത്തിന് ശേഷം പ്രതിപക്ഷം വാക്കൗട്ട് നടത്തിയതോടെയാണ് പ്രമേയം വോട്ടിനിടാതെ തളളിയത്. നിയമസഭയിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്‌തതിൽ താൻ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ. വിയോപ്പിന്റെ ശബ്‌ദത്തെ കേരള നിയമസഭ ആഘോഷിക്കുകയാണ്. ഈ ചർച്ച നടക്കട്ടെയെന്നാണ് താൻ ആഗ്രഹിച്ചതെന്നും സ്‌പീക്കർ പറഞ്ഞു.
രമേശ് ചെന്നിത്തല ഇന്നും കെ എസ് യു പ്രസിഡന്റിനെ പോലെ സംസാരിച്ച് കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിന് വിമർശനവും ആക്ഷേപവും ഉന്നയിക്കാം. പക്ഷേ അൽപ്പം കൂടി വളർച്ച കാണിക്കാം. ഇ എം എസ് സമൃതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം തെറ്റാണ്. ഒരു രൂപ താൻ അഴിമതി കാണിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ ഈ പണി നിർത്താമെന്നും ശ്രീരാമകൃഷ്‌ണൻ നിയമസഭയിൽ പറഞ്ഞു. മുനീറിന് നന്നായി പകർന്നാട്ടം അറിയാം. ഒരു വശത്ത് കത്തിയും മറ്റൊരു വശത്തും മിനുക്കും ആയി ആടാൻ മുനീറിന് അറിയാം. ഏതെങ്കിലും പത്രലേഖകരുടെ മനോബുദ്ധിക്ക് അനുസരിച്ച് എഴുതുന്ന വാർത്തകളോട് പ്രതികരിക്കാൻ തന്നെ കിട്ടില്ല. പത്ര വാർത്തകൾ ഉപയോഗിച്ച് പലതും ആസൂത്രണം ചെയ്‌ത പാരമ്പര്യം പ്രതിപക്ഷത്തിനുണ്ടാകും. കൈയിലുളള ചാനലിനെ വച്ചും പലതും ചെയ്യും. കേട്ടുകേൾവിയുടെ പേരിൽ ഇന്ത്യയിലാദ്യമായി സ്‌പീക്കർക്ക് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷ നേതാവാണ് ഇവിടെയുളളതെന്നും അദ്ദേഹം ആക്ഷേപിച്ചു.
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന സമീപനമാണ് ഇവിടെ. സർക്കാരിനെതിരെ അടിക്കാൻ ഒന്നുമില്ലാത്തത് കൊണ്ടാണ് സ്‌പീക്കറെ അടിച്ചത്. ഗോഡ്ഫാദർ സിനിമയിലെ ഇന്നസെന്റിന്റെ പണിയാണ് ഉമ്മർ ഇവിടെ കാണിച്ചത്. അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിന്റെ പിറ്റേ ദിവസം ഉമ്മറിന്റെ സീറ്റ് പോയി. ഉമ്മറിന് ഇനി നിയമസഭയിൽ മത്സരിക്കാനാകില്ലെന്നും സ്‌പീക്കർ പറഞ്ഞു.
