കേരളം വാക്സിൻ വിതരണത്തിന് സജ്ജമെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് നാളെ ഡ്രൈ റണ്‍ നടക്കുന്നത്. ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍. 

ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകർ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കൊവിഡ് വാക്‌സിനേഷൻ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. ജനുവരി രണ്ടിന് 4 ജില്ലകളില്‍ 6 ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണ്ണിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കോവിഡ് ഡ്രൈ റണ്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എപ്പോള്‍ വാക്‌സിൻ എത്തിയാലും കേരളം കൊവിഡ് വാക്‌സിനേഷന് സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. കൊവിഡ് വാക്‌സിനേഷനായി ഇതുവരെ 3,51,457 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ആരോഗ്യ വകുപ്പിന് ലഭിച്ച 100 ശതമാനം പേരുടേയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed