കൊറോണ പ്രതിരോധത്തിന് നൂതന കണ്ടുപിടിത്തം; മലയാളി വിദ്യാർത്ഥിക്ക് കേന്ദ്രത്തിന്റെ പുരസ്കാരം
തൃശൂർ: കൊറോണ പ്രതിരോധത്തിനായി നൂതന കണ്ടുപിടുത്തം നടത്തിയ വിദ്യാർത്ഥിയ്ക്ക് പാരിതോഷികവുമായി കേന്ദ്ര സർക്കാർ. കൊറോണ കാലത്ത് പ്രതിരോധ ഉപകരണവുമായി വാച്ചിനെ മാറ്റിയെടുത്ത ഷാരോൺ എന്ന മലയാളി വിദ്യാർത്ഥിയ്ക്കാണ് കേന്ദ്ര സർക്കാർ പാരിതോഷികം നൽകിയത്. സ്മാർട്ട് ഇൻഡിക്കേറ്റർ എന്ന ഉപകരണമാണ് ഷാരോൺ വികസിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ ഇന്ത്യയുടെ ഇൻസ്‌പെയർ പുരസ്‌കാരമാണ് ഷാരോൺ കരസ്ഥമാക്കിയത്.
കൈ അറിയാതെ മുഖത്തിന്റെ ഭാഗത്തേക്ക് ഉയർന്നാൽ ബീപ്പ് ശബ്ദം കേൾപ്പിക്കുമെന്നതാണ് സ്മാർട്ട് ഇൻഡിക്കേറ്ററിന്റെ സവിശേഷത. സ്മാർട്ട് വാച്ചിനകത്ത് ഘടിപ്പിക്കുന്ന പിസോ ബുസറാണ് സ്മാർട്ട് ഇൻഡിക്കേറ്ററിന്റെ പ്രധാന ഭാഗം. മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഷാരോൺ ഇന്നോവേഷൻ ഫൗണ്ടേഷൻ ഇന്ത്യയ്ക്ക് ഇ മെയിൽ വഴി പ്രൊജക്ട് വിവരങ്ങൾ അയച്ചു കൊടുത്തത്. ഡിസംബർ 24നാണ് പുരസ്‌കാരത്തിന് അർഹനായ വിവരം ഷാരോൺ അറിയുന്നത്. അടുത്ത ദിവസം 10,000 രൂപയും ഷാരോണിന്റെ അക്കൗണ്ടിലേക്കെത്തി. പഴയന്നൂർ ഗവ.ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഷാരോൺ. നീർണ്ണമുക്ക് പഴൂത്രപ്പടി ഷാനിമോന്റേയും രാധികയുടെയും മകനാണ്.

