നെയ്യാറ്റിൻകര സംഭവത്തിൽ ഒന്നാം പ്രതി സർക്കാരാണെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്ക് ശ്രമിച്ച രാജന്റെയും ഭാര്യ അന്പിളിയുടെയും മരണത്തിൽ ഒന്നാം പ്രതി സർക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പൊലീസിനെ ഉപയോഗിച്ച് രണ്ട് കുട്ടികൾക്ക് മാതാപിതാക്കളെ ഇല്ലാതാക്കിയ സർക്കാർ ഇപ്പോൾ അവരുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പറയുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഒരേ സമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്ക്കൊപ്പം നിൽക്കുകയുമാണ്. ഹൈക്കോടതിയിൽ നിന്ന് മണിക്കൂറുകൾക്കകം സ്റ്റേ ഓർഡർ വരുമെന്നറിഞ്ഞാണ് പൊലീസ് ധൃതിപ്പെട്ട് കിടപ്പാടം ഒഴിപ്പിക്കാൻ ശ്രമിച്ചത്. ദന്പതികളുടെ മരണത്തിൽ വിശദമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും വേണം. മനുഷ്യത്വമില്ലാത്ത സർക്കാരാണ് പിണറായി വിജയന്റേതെന്ന് അവർ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
