കോവിഡ് രോഗികൾക്ക് വോട്ടു ചെയ്യാനുള്ള മാർഗ നിർദേശങ്ങൾ ആയി


തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. തപാല്‍ വോട്ടിനും ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനും അവസരമുണ്ട്. വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ വോട്ടെടുപ്പിനു തലേദിവസം വൈകിട്ട് മൂന്നു മണിവരെ അപേക്ഷിക്കുന്നവര്‍ക്കാണ് സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത. അതിനുശേഷം അപേക്ഷിക്കുന്നവര്‍ക്ക് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാം. ഇതുമായി ബന്ധപ്പെട്ട്കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഉടന്‍ വിജ്ഞാപനമിറക്കും.

കോവിഡ് രോഗികളെ സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന നിര്‍വചനം നല്‍കിയാണ് നിയമഭേദഗതി. വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ വോട്ടെടുപ്പ് ദിവസത്തിന്റെ തലേന്ന് വൈകിട്ട് മൂന്നു മണിവരെ സ്‌പെഷൽ തപാല്‍ വോട്ടിനായി അപേക്ഷിക്കാം. ഇവരുടെ പ്രത്യേക പട്ടിക തയാറാക്കും. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തപാല്‍ വോട്ടിന് മാത്രമാകും അര്‍ഹത. സ്പെഷല്‍ തപാല്‍ വോട്ടിന് അര്‍ഹരാകുന്നവര്‍ക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല.
വോട്ടെടുപ്പിന് തലേദിവസം മൂന്നു മണിക്കു ശേഷം അപേക്ഷിക്കുന്നവര്‍ക്കാണ് ബൂത്തുകളില്‍ നേരിട്ടത്തി വോട്ട് ചെയ്യാനാനുള്ള അനുമതി. വോട്ടെടുപ്പ് സമയത്തിന്റെ അവസാന ഒരു മണിക്കൂര്‍ ഇവര്‍ക്കായി മാറ്റിവയ്ക്കും. ഓരോ ജില്ലയിലും പ്രത്യേക ചുമതല നല്‍കുന്ന ഹെല്‍ത്ത് ഓഫീസര്‍ക്കായിരിക്കും ഈ വോട്ടര്‍മാരുടെ പട്ടിക തയാറാക്കാനുള്ള അധികാരം.

ജില്ലാ കളക്ടര്‍ ഈ പട്ടിക ജില്ലയിലെ വരണാധികാരികള്‍ക്ക് നല്‍കണം. ഒരു ജില്ലയിലെ പട്ടികയില്‍പ്പെട്ട വോട്ടര്‍ക്ക് വോട്ട് മറ്റൊരു ജില്ലയിലാണെങ്കില്‍ അത് ആ ജില്ലയിലെ വരണാധികാരിയെ അറിയിക്കണം. തപാല്‍ വോട്ടിന് അര്‍ഹരായ മുഴുവന്‍പേര്‍ക്കും സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കും.
സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് കൈപ്പറ്റിയ വോട്ടര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പിക്കേണ്ട ഉത്തരവാദിത്വം റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കായിരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യാനും തിരികെ വാങ്ങാനുമായി പ്രത്യേക പോളിംഗ് ഓഫീസര്‍മാരെയും നിയമിക്കും. ഇവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാക്കും. സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ പ്രത്യേക ഫോമും തയാറാക്കിയിട്ടുണ്ട്.

വോട്ട് ചെയ്ത പോസ്റ്റല്‍ ബാലറ്റ് സ്‌പെഷല്‍ ഓഫീസര്‍ക്ക് നേരിട്ടു നല്‍കുകയോ രജിസ്‌റ്റേര്‍ഡ് പോസ്റ്റായി അയക്കുകയോ ചെയ്യാം. വോട്ടെടുപ്പ് ദിവസത്തിനു മുന്നേ പോസ്റ്റല്‍ വോട്ടുകളുടെ വിതരണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. വോട്ടെടുപ്പിന് തലേദിവസം മൂന്നു മണിക്കു ശേഷം പട്ടികയില്‍ ഉള്‍പ്പെടുന്ന വോട്ടര്‍മാര്‍ക്ക് പോളിംഗ് ഉദ്യോഗസ്ഥര്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്ക്റ്റുമായി വേണം വോട്ടെടുപ്പ് ദിവസം ബൂത്തിലെത്താന്‍. ബൂത്തില്‍ ക്യൂവിലുള്ള വോട്ടര്‍മാര്‍ മുഴുവന്‍ വോട്ട് ചെയ്ത ശേഷമേ കോവിഡ് രോഗിക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ. ഇത്തവണ വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണിവരെയാണ്. അഞ്ചു മുതല്‍ ആറു വരെയാകും കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും വോട്ട് ചെയ്യാനുള്ള സമയം. ആശുപത്രികളില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം.

You might also like

Most Viewed