യുഎഇയിൽ നിന്നും നാട്ടിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം
അബുദാബി: യുഎഇയിൽ നിന്നും ആഗസ്റ്റ് 21 മുതൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് 19 പിസിആർ പരിശോധനാ നെഗറ്റീവ് ഫലം നിർബന്ധമാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അബുദാബി, ഷാർജാ വിമാനത്താവളങ്ങളിൽ നിന്നും യാത്രചെയ്യുന്നവർക്കാണ് ഇത് നിർബന്ധമാക്കിയിരിക്കുന്നത്.
അബുദാബിയിൽ നിന്നും യാത്രതിരിക്കുന്നവർക്ക് 96 മണിക്കൂറിനുള്ളിൽ ലഭിച്ചതാവണം ഫലം. ഷാർജയിൽ നിന്നും യാത്രതിരിക്കുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ ലഭിച്ച പരിശോധനാഫലം നിർബന്ധമാണ്. ദുബൈയിലേക്ക് തിരിച്ചു വരുന്നവർ ജനറൽ ഡയറക്ട്രേറ്റ് ഓഫ് റസിഡൻസി ആന്‍റ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ വെബ്സൈറ്റിൽ “എൻട്രി പെർമിറ്റിനു’ അപേക്ഷിക്കണം. അംഗീകൃത കേന്ദ്രത്തിൽ നിന്നുള്ള കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ ഫലത്തിന്‍റെ സർട്ടിഫിക്കറ്റ് കരുതണം. “കോവിഡ് 19 ഡിഎക്സ്ബി സ്മാർട്ട് ആപ്പ്’ ഉണ്ടായിരിക്കണം. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് നിർബന്ധിത 14 ദിവസ ക്വാറന്‍റൈൻ ആവശ്യമില്ല.

