സ്വർണക്കടത്ത് കേസിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ രഹസ്യധാരണ: മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ രഹസ്യധാരണയുണ്ടെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി എൻഐഎയ്ക്ക് സ്തുതിഗീതം പാടുകയാണെന്നും ബിജെപിക്കു മുഖ്യമന്ത്രി വിശുദ്ധ പശുവാണോയെന്നും അദ്ദേഹം ചോദിച്ചു. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം എന്തുകൊണ്ടു മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു നീളുന്നില്ല. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ അന്വേഷണം മന്ദഗതിയിലാണു പോകുന്നത്.
കള്ളക്കടത്ത് സംഘത്തിനു മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സഹായം കിട്ടിയിട്ടുണ്ട്. മധ്യപ്രദേശിൽ നടന്ന വ്യാപം അഴിമതിയെപ്പോലും പിന്നിലാക്കിയാണു സർക്കാർ നാലുവർഷം കൊണ്ടു പുറംവാതിൽ നിയമനങ്ങൾ നടത്തിയതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും ഓഫീസിന്‍റെയും പങ്ക് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയെ തന്നെ ചോദ്യം ചെയ്യണം. ബിജെപി സർക്കാർ മുഖ്യമന്ത്രിയുടെ കാര്യത്തിൽ എന്തിന് അറച്ചു നിൽക്കുന്നു. പൊതുസമൂഹം ഈ കള്ളക്കളി നന്നായി തിരിച്ചറിയുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു