സ്വപ്‍ന സുരേഷും സന്ദീപും ബംഗളൂരുവില്‍ എത്തിയത് കാറില്‍; പ്രതികൾ രാജ്യം വിടാൻ ശ്രമിച്ചതായി സൂചന


ബംഗളൂരു: സ്വർണക്കടത്ത് കേസിൽ ഇന്നലെ പിടിയിലായ സ്വപ്‍ന സുരേഷും സന്ദീപും ബംഗളൂരുവില്‍ എത്തിയത് കാറില്‍. രണ്ടുദിവസം മുമ്പാണ് ഇവര്‍ ബംഗളൂരുവില്‍ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്‍നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. യാത്രാമധ്യേ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു. ബംഗളൂരുവില്‍ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്ന് പ്രതികള്‍ രാജ്യം വിടാന്‍ പദ്ധതിയിട്ടെന്ന് സൂചനയുണ്ട്. 20 തവണ സന്ദീപ് നാഗാലാൻഡ് സന്ദർശിച്ചിരുന്നുവെന്നും നാഗാലാൻഡിൽ സന്ദീപിനുള്ള സ്വാധീനം വെച്ച് അവിടേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നുമാണ് ലഭിക്കുന്ന വിവരം.

പ്രതികളുമായി എൻഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. സ്വപ്‍നയെയും സന്ദീപിനെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവരുടെ സുരക്ഷയും ബംഗളൂരുവിലെ രാത്രി യാത്രാ നിയന്ത്രണവും കണക്കിലെടുത്ത് രാത്രിയിലെ യാത്ര ഒഴിവാക്കുകയായിരുന്നു. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് ഇവരെ കൊവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി സമയം കസ്റ്റഡിയില്‍ വെച്ചശേഷം കോടതിയില്‍ ഹാജരാക്കാനായിരിക്കും അന്വേഷണ സംഘത്തിന്‍റെ നീക്കം.

സന്ദീപ് സഹോദരനെ വിളിച്ചതാണ് എൻഐഎ സംഘത്തിന് പ്രതികളിലേക്കെത്താൻ നിർണ്ണായക സഹായമായത്. തിരുവനന്തപുരത്ത് സന്ദീപിന്‍റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്‍റെ സഹോദരന്‍റെ ഫോണിലേക്ക് കോൾ വരുകയായിരുന്നു. അഭിഭാഷകന്‍റെ അടുത്തേക്ക് പോകാനായിരുന്നു സന്ദീപിന്‍റെ നിർദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥർ എൻഐഎയെയും കേരള പോലീസിനെയും അറിയിച്ചു. പിന്നീട് പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തി. പ്രതികൾ ബംഗളൂരുവിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് വഴിതെളിഞ്ഞത്. പ്രതികള്‍ പിടിയിലാകുമ്പോൾ സ്വപ്നയ്ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു എന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed