പണിമുടക്കാതെ നവീന്‍ ജോലിക്കെത്തി; സ്വന്തം റോളര്‍സ്‌കേറ്ററില്‍

പാലക്കാട് : ദേശീയ പണിമുടക്ക് ദിനത്തില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങാതായപ്പോള്‍ നവീന്‍ പഠിച്ചവിദ്യതന്നെ പ്രയോഗിച്ചു. സ്വന്തം റോളര്‍സ്‌കേറ്റര്‍ കാലിലണിഞ്ഞ് പാതയിലിറങ്ങി. ചുണ്ണാമ്പുത്തറയിലെ വീട്ടില്‍നിന്ന് 14 കിലോമീറ്ററുണ്ട് ജോലിയെടുക്കുന്ന എലപ്പുള്ളി ജി.എ.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക്.
സാധാരണദിവസങ്ങളില്‍ കാറും ബൈക്കുമൊക്കെ പാഞ്ഞുപോകുന്ന ദേശീയപാതയില്‍ ഒരു റോളര്‍സ്‌കേറ്ററെ കണ്ടപ്പോള്‍ കൗതുകംതോന്നി. പലരും തടുത്തുനിര്‍ത്തി. സെല്‍ഫിയെടുത്തു.
40 മിനിട്ടുകൊണ്ട് സ്‌കൂളിലെത്തി. പിന്നെ വൈകുംവരെ ജോലി. തിരികെവരുമ്പോള്‍ വെയിലിന്റെചൂട് വേഗംകുറച്ചു. 'പ്രൊബേഷന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ പണിക്കെത്തിയില്ലെങ്കില്‍ കുഴപ്പമാണ്. സ്വന്തമായി സൈക്കിളോ ബൈക്കോ ഇല്ല..' റോളര്‍സ്‌കേറ്ററിനെ ആശ്രയിക്കാനിടയാക്കിയ സാഹചര്യം നവീന്‍ വ്യക്തമാക്കി.
വെറുമൊരു തമാശയായി റോളര്‍സ്‌കേറ്റിങ്ങിനെ കാണുന്നയാളല്ല നവീന്‍. ദേശിയടീമിനെ മൂന്നുതവണ പ്രതിനിധാനംചെയ്തു. സ്പീഡ് സ്‌കേറ്റിങ്ങില്‍ ഒരു സ്വര്‍ണവും നാല് വെള്ളിയും വെങ്കലവുമുള്‍പ്പെട ഏഴ് മെഡലുകള്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.റോള്‍ബോള്‍, റോളര്‍ ഹോക്കി മത്സരങ്ങളില്‍ സംസ്ഥാനടീം അംഗവുമാണ്. ഏഴുവര്‍ഷമായി ഫോര്‍ട്ട് റോളര്‍ സ്‌കേറ്റിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കോച്ച് സുജീഷിന്റെ കീഴിലാണ് പരിശീലനം. നിത്യവും പുലര്‍ച്ചെ പരിശീലനത്തിനിറങ്ങുന്നത് ബുധനാഴ്ച റോഡിലാക്കി മാറ്റിയതോടെ പരിശീലനവും ഒപ്പം കാര്യവും നടന്നെന്ന് നവീന്‍ ചെറുചിരിയോടെ വ്യക്തമാക്കുന്നു.