ക്ഷേത്രങ്ങൾ തുറക്കുന്നത് സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധി മറികടക്കാനെന്ന് ഹിന്ദുഐക്യവേദി
കൊച്ചി: ക്ഷേത്രങ്ങൾ ഇപ്പോൾ തുറക്കരുതെന്ന് ഹിന്ദു ഐക്യവേദിയും വിശ്വ ഹിന്ദു പരിഷത്തും ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ തുറക്കരുത്. ക്ഷേത്രം ഇപ്പോൾ തുറക്കുന്നത് സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധി മറികടക്കാനാണ്. ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സർക്കാർ തീരുമാനം. ഭക്തർ ക്ഷേത്രദർശനത്തിൽ നിന്ന് പരമാവധി വിട്ടുനിൽക്കണം. തങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും ഹിന്ദുഐക്യവേദി, വിഎച്ച്പി നേതാക്കൾ അറിയിച്ചു.
ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. കൊവിഡ് 19 ബാധിതരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ക്ഷേത്രങ്ങൾ തുറന്നുകൊടുത്താൽ രോഗത്തെ പ്രതിരോധിക്കാൻ ഇതുവരെ ആരോഗ്യരംഗത്ത് പ്രവർത്തിച്ചവർ നടത്തിയ ശ്രമം വിഫലമാകും. ഭക്തജനങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ഇപ്പോഴത്തേതുപോലെ ഈശ്വരാരാധന നടത്താമെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി അറിയിച്ചു.
ദേവസ്വം ക്ഷേത്രങ്ങളിൽ ഇപ്പോൾ സംഭരിച്ചുവച്ചിട്ടുള്ള തുക ഭക്തന്മാരുടെ കാണിക്കയായാണ്. അത് ദുരിതാശ്വാസം പോലുള്ള മറ്റ് ആവശ്യങ്ങൾക്കായി ഇപ്പോൾ സർക്കാർ ചെലവഴിക്കാതെ ക്ഷേത്രങ്ങൾക്കും ക്ഷേത്രജീവനക്കാരുടെ വിഷമതകൾ പരിഹരിക്കാൻ വേണ്ടിയും ഉപയോഗപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് തയ്യാറാവരുതെന്നും സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ. നാരായണൻകുട്ടി പറഞ്ഞു.
അതേ സമയം, തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ഗുരുവായൂർ ക്ഷേത്തിൽ ഇന്ന് ശുചീകരണ പ്രവർത്തികൾ നടത്തും. ഓൺലൈൻ ബുക്കിംഗിലൂടെയാണ് നാളെ മുതൽ ക്ഷേത്രത്തിൽ പ്രവേശനം. നേരത്തെ തന്നെ 10 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹങ്ങൾക്ക് ഗുരുവായൂരിൽ അനുമതി നൽകിയിരുന്നു.
