പിറവത്ത് ബിജെപി സംസ്ഥാന നേതാവിനെ ബിജെപി മണ്ധലം സെക്രട്ടറിയുടെ നേതൃത്വത്തിൽ ആക്രമിച്ചു

പിറവം: പിറവത്ത് ബിജെപി നേതാവിന് നേരെ ആക്രമണം. കർഷക മോർച്ച സംസ്ഥാന സെക്രട്ടറി പിറവം പേപ്പതി സ്വദേശി എം. ആഷിഷിനാണ് മർദ്ദനമേറ്റിരിക്കുന്നത്. ഇന്നലെ രാത്രിയിൽ വീട്ടിലേക്ക് പോകുന്ന വഴി വീടിനു സമീപത്തു വച്ചായിരുന്നു ആക്രമണം. ബിജെപി പിറവം മണ്ധലം സെക്രട്ടറി ഷൈലേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നാണ് പരാതി. ആഷിഷിനെ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് കാരണം പാർട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങളാണെന്നാണ് സൂചന.
യുവമോർച്ചയുടെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കർഷക മോർച്ചയുടെ സംസ്ഥാന സെക്രട്ടറിയുമാണ് ആഷിഷ്. ഇരുന്പു വടിയും മറ്റും ഉപയോഗിച്ച് മർദ്‍ദിച്ചുവെന്നാണ് പരാതി. പരുക്കേറ്റ ആശിഷിനെ ഇന്നലെ രാത്രി പിറവം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിറവത്ത് ബിജെപിക്ക് ഉള്ളിൽ തന്നെ തുടരുന്ന ഗ്രൂപ്പ് പ്രശ്‌നങ്ങളും പ്രാദേശിക തർക്കങ്ങളുമാണ് ആക്രമണത്തിന് പിന്നിൽ. പാർട്ടി നേതൃത്വം പലതവണ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തിയിരുന്നുവെങ്കിലും ആ ചർച്ചകളെല്ലാം വിഫലമാവുകയായിരുന്നു. നിലവിൽ ബിജെപി സംസ്ഥാന നേതൃത്വവും വിഷയത്തെ ഗൗരവമായി എടുത്തിട്ടുണ്ട്.