എം.പി വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തിൽ അനുശോചനവുമായി രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, സാംസ്കാരികരംഗത്തെ പ്രമുഖർ


തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തിൽ അനുശോചനവുമായി രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, സാംസ്കാരികരംഗത്തെ നിരവധി പ്രമുഖർ. 

എം.പി. വീരേന്ദ്രകുമാറിന്‍റെ വിയോഗം ജനാധിപത്യ−മതേതരത്വ ചേരിക്ക് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അടിയന്തരാവസ്ഥ കാലത്ത് ഒരു ജയിലിൽ ഒരുമിച്ച് കഴിഞ്ഞിരുന്നു. വർഗീയ ഫാസിസത്തിനെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടി. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വീരേന്ദ്രകുമാർ മുൻനിരയിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 

കോൺഗ്രസ് മുൻ അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധിയും ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി. കൃത്യമായ നിലപാടുകളുമുള്ള വ്യക്തിയായിരുന്ന വീരേന്ദ്രകുമാറിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയത്തിന് അതീതനായ വ്യക്തിത്വമായിരുന്നു എം പി വീരേന്ദ്ര കുമാറെന്ന് എ കെ ആന്‍റണി അനുസ്മരിച്ചു. പ്രവാസികൾക്ക് പെയ്ഡ് ക്വാറന്‍റീൻ ഏർപ്പെടുത്തുന്നതിനെതിരെ യുഡിഎഫ് ഇന്ന് നടത്താനിരുന്ന സത്യഗ്രഹസമരം നാളത്തേക്ക് മാറ്റിയതായി കെപിസിസി അറിയിച്ചു. 

തന്‍റെ പ്രിയപ്പെട്ട സുഹൃത്ത് കൂടിയായിരുന്നു എം പി വീരേന്ദ്രകുമാറെന്ന് മാതൃഭൂമിയുടെ പത്രാധിപർ കൂടിയായിരുന്ന എം.ടി വാസുദേവൻ നായർ അനുസ്മരിച്ചു. ‘’എന്‍റെ കുറേ പുസ്തകങ്ങൾ അദ്ദേഹത്തിന്‍റെ ലൈബ്രറിയിൽ എന്‍റെ കയ്യൊപ്പോടെ കാണും, അദ്ദേഹത്തിന്‍റെ എല്ലാ പുസ്തകങ്ങളും ആ കയ്യൊപ്പോടെ എന്‍റെ ലൈബ്രറിയിലും സൂക്ഷിക്കുന്നു. എന്‍റെ അടുത്തൊരു സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം’’, എന്ന് എംടി വാസുദേവൻ നായർ പറഞ്ഞു.

ഒരാഴ്ച മുന്പ് തന്‍റെ പിറന്നാളിന് കൂടി തന്നെ വിളിച്ച് എം പി വീരേന്ദ്രകുമാർ ആശംസ നേർന്നിരുന്നുവെന്ന് നടൻ മോഹൻലാൽ ഓർത്തെടുത്തു. ‘’എപ്പോൾ വിളിച്ചാലും നർമ്മത്തോടെ, എല്ലാ സംസാരവും തമാശ കലർത്തി അദ്ദേഹം സംസാരിക്കുമായിരുന്നു. എപ്പോഴും സ്നേഹത്തോടെ, ഏറ്റവും അടുത്തൊരാളോട് സംസാരിക്കുന്നത് പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. പിറന്നാളിന് പോലും എന്നെ വിളിച്ചിരുന്നു. ആശംസ നേർന്നു. ഏറ്റവുമൊടുവിൽ വിളിച്ചപ്പോൾ പുറത്ത് പോകാൻ പറ്റുന്നില്ല, വയ്യ എന്നൊക്കെ പരിഭവത്തോടെ പറഞ്ഞു. അതൊന്നും സാരമില്ല, എല്ലാം പെട്ടെന്ന് ശരിയാകുമെന്ന് ഞാൻ പറഞ്ഞു. എപ്പോൾ വിളിക്കുന്പോഴും അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് കൂടി അദ്ദേഹം ഫോൺ കൈമാറും. ആ അമ്മ, എപ്പോഴും ഇനി വരുമ്പോ വീട്ടിൽ വരണമെന്ന് പറയും’’, മോഹൻലാൽ ഓർക്കുന്നു. 

മഹാനായ രാഷ്ട്രീയ നേതാവും നാടുകണ്ട ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളുമായിരുന്നു എം പി വീരേന്ദ്രകുമാറെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള അനുസ്മരിച്ചു. ജനത പാർട്ടികളുടെ ഐക്യം ആഗ്രഹിച്ച നേതാവെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി അനുസ്മരിച്ചപ്പോൾ, മനുഷ്യനന്മയുടെ പക്ഷത്ത് നിന്ന നേതാവെന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ പറഞ്ഞു. കൃത്യമായ ധാരണയോടെ ഇടതു രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോയ നേതാവായിരുന്നു വീരേന്ദ്രകുമാറെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദൻ അനുസ്മരിച്ചു. 

സാംസ്കാരിക കേരളത്തിന്‍റെ നഷ്ടമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപിയും, സോഷ്യലിസ്റ്റ് മൂല്യങ്ങളുടെ യഥാർത്ഥ വഴികാട്ടിയെന്ന് മുൻമന്ത്രി കെ പി മോഹനനും അനുസ്മരിച്ചു. ആഗോള വത്കരണകാലത്തെ സാന്പത്തിക വിപത്ത് എല്ലാവരേക്കാളും മുന്പേ മനസ്സിലാക്കുകയും, മലയാളിയോടും പറയുകയും ചെയ്ത ഒരാളായിരുന്നു വീരേന്ദ്രകുമാറെന്ന് എഴുത്തുകാരി സാറാ ജോസഫും ഓർത്തെടുക്കുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed