മകളെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിന് ക്രൂര മർദ്ദനം; അഞ്ച് പേർക്കെതിരെ കേസ്

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ മകളെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിന് ക്രൂര മർദ്ദനം. അക്രമികൾ പിതാവിന്റെ പല്ലടിച്ച് കൊഴിച്ചെന്നാണ് പരാതി. അഞ്ച് പേർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് മാനന്തവാടി പൊലീസ് കേസെടുത്തു.
മാനന്തവാടി എടവക എള്ളുമന്ദത്ത് മെയ് 8നാണ് സംഭവം. പുഴക്കടവിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് ചോദ്യം ചെയ്ത യുവതികളെ പ്രതികൾ അസഭ്യം പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്യാനാണ് പിതാവ് യുവാക്കളുടെ അടുത്തെത്തിയത്. എന്നാൽ യുവാക്കൾ സംഘം ചേർന്ന് ഇയാളെ മർദ്ദിച്ചവശനാക്കുകയായിരുന്നു. മർദ്ദനത്തിൽ ഇയാളുടെ പല്ലുകൾ പറിഞ്ഞുപോകുകയും ശരീരത്തിൽ കാര്യമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മുതിരേരി പൊള്ളന്പാറ പുഴക്കടവിൽ കുളിക്കാനെത്തിയ രണ്ട് യുവതികളെയാണ് പുഴയുടെ അക്കരെ നിന്ന് ഒരു സംഘം യുവാക്കൾ അപമാനിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് എള്ളുമന്ദം സ്വദേശികളായ വെള്ളരിപ്പാലം നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), അജീഷ് (40) എന്നിവർക്കെതിരെ മാനന്തവാടി പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. എന്നാൽ സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്താതെ, സി.പി.ഐ.എം പ്രവർത്തകരായ പ്രതികളെ മൊഴിയുൾപ്പടെ തിരുത്തി പൊലീസ് രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് യുവതിയും പിതാവും ആരോപിച്ചു.