പാലാരിവട്ടം അഴിമതി: മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് ഇബ്രാഹിംകുഞ്ഞിന് അന്വേഷണ സംഘം ഉടൻ നോട്ടീസ് നൽകും. നിയമസഭയുടെ ബജറ്റ് സമ്മേളനം കഴിഞ്ഞാലുടൻ മുൻമന്ത്രിയെ ചോദ്യം ചെയ്യാനാണ് വിജിലൻസ് നീക്കം.
ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞ ദിവസം ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് വിജിലൻസ് നടപടി. പാലം അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ ഇബ്രാഹിംകുഞ്ഞിൽ നിന്നും വിജിലൻസ് വിവരങ്ങൾ തേടിയിരുന്നു. അന്വേഷണം പുരോഗമിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം.