കൊറോണ ഭീതിക്കിടെ ചൈനയിൽ നിന്ന് വന്നവർ വീടുകളിലേക്ക് മടങ്ങി; 15 പേരും നിരീക്ഷണത്തില്‍ തുടരും

കൊച്ചി: കൊറോണ ഭീതിക്കിടെ ചൈനയിൽ നിന്നു കൊച്ചിയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പുലര്‍ച്ചെ വീടുകളിലേക്കു മടങ്ങി. ഇന്നലെ രാത്രി എത്തിയ ഇവരെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലേക്കാണ് ആദ്യം മാറ്റിയത്. വൈദ്യപരിശോധനയില്‍ ആരോഗ്യനില തൃപ്തികരമായതിനാല്‍ വീടുകളിലേക്കു മടങ്ങാൻ അനുവദിച്ചു. എല്ലാവരും ഇനി വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും.
24 മണിക്കൂറിലേറെ നീണ്ട ആശങ്കകൾക്കു വിരാമമിട്ടാണ് വിദ്യാർത്ഥികൾ നാട്ടിൽ എത്തിയത്. 15 മലയാളി വിദ്യാർത്ഥികൾക്കൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് പേരുമുണ്ട്. സിംഗപ്പൂര്‍ വഴിയുള്ള വിമാനടിക്കറ്റുകള്‍ സ്കൂട്ട് എയർലൈൻസ് അസാധുവാക്കുകയും മറ്റു വിമാനക്കമ്പനികൾ യാത്രാ അനുമതി നിഷേധിക്കുകയും ചെയ്തതോടെയാണ് വിദ്യാര്‍ത്ഥികള്‍ വിമാനത്താവളത്തിൽ കുടുങ്ങിയത്. ദുരിതം മാധ്യമങ്ങളിലൂടെ അറിഞ്ഞ കേന്ദ്രമന്ത്രി വി. മുരളീധരൻ ഇടപെട്ടത്തോടെയാണ് ഇവർക്ക് നാട്ടിലേക്ക് വരാൻ വഴിയൊരുങ്ങിയത്.
ബാങ്കോക്ക് വഴിയുള്ള എയർ ഏഷ്യ വിമാനം രാത്രി പതിനൊന്നോടെ നെടുമ്പാശേരിയിൽ ഇറങ്ങി. ഇമിഗ്രേഷൻ പരിശോധനയും വിമാനത്താവളത്തിനുള്ളിലെ പ്രാഥമിക മെഡിക്കൽ പരിശോധനയും ഒരു മണിക്കൂറിൽ പൂർത്തിയായി. വിദ്യാർത്ഥികളുമായി വിമാനത്താവളത്തിലെ പ്രത്യേക വഴിയിലൂടെ പുറത്തുവന്ന ആംബുലൻസുകൾ കളമശേരി മെഡിക്കൽ കോളേജിലേക്ക് തിരിക്കുകയായിരുന്നു.