സമുദായാഗംങ്ങളുടെ രക്തം ഊറ്റി കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയെന്ന് സുഭാഷ് വാസു

ആലപ്പുഴ: എസ്‍.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബി.ഡി.ജെ.സ് സംസ്ഥാന അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ അതീവഗുരതരമായ ആരോപണങ്ങൾ ഉന്നയിച്ച് സുഭാഷ് വാസു വാർത്താസമ്മേളനം നടത്തി. സമുദായഗംങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയെന്നും ആയിരക്കണക്കിന് കോടി രൂപയാണ് യോഗം അംഗങ്ങളിൽ നിന്നായി വെള്ളാപ്പള്ളി തട്ടിയെടുത്തതെന്നും സുഭാഷ് വാസു ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ എൻ.ഡി.എയുടെ ഭാഗമായ ബി.ഡി.ജെ.എസ് മത്സരിക്കാതിരുന്നത് സി.പി.എമ്മും വെള്ളാപ്പള്ളിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ്. വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങൾ ജനുവരി 16−ന് തിരുവനന്തപുരത്ത് ടി.പി സെൻകുമാറിനൊപ്പം പത്രസമ്മേളനം നടത്തി വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു പ്രഖ്യാപിച്ചു.
കേന്ദ്ര സ്പൈസസ് ബോർഡ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുമായുള്ള തുറന്ന പോരിന് സുഭാഷ് വാസു കളത്തിലിറങ്ങിയിരിക്കുന്നത്. എസ്.എൻ.ഡി.പി മാവേലിക്കര യൂണിയൻ അധ്യക്ഷനായിരുന്ന സുഭാഷ് വാസു വെള്ളാപ്പള്ളിക്കും തുഷാറിനും ശേഷം എസ്.എൻ.ഡി.പിയിലെ സുപ്രധാന നേതാവായിരുന്നു. അഭിപ്രായ ഭിന്നതയെ തുടർന്ന് വാസു അധ്യക്ഷനായ മാവേലിക്കര യൂണിറ്റ് വെള്ളാപ്പള്ളി നേരത്തെ പിരിച്ചു വിട്ടിരുന്നു. ചില രേഖകൾ മോഷ്ടിച്ചു എന്നാരോപിച്ച് വാസുവിനെതിരെ എസ്.എൻ.ഡി.പി താലൂക്ക് അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതിയും നൽകി.