സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ വീട്ടിൽ കേരള സർവ്വകലാശാലയുടെ മാർ‍ക്ക്‌ ലിസ്റ്റുകൾ


തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ ഡിആർഐ നടത്തിയ റെയ്ഡിൽ കേരള യൂണിവേഴ്സിറ്റിയുടെ പൂരിപ്പിക്കാത്ത മാർക്കു  ലിസ്റ്റുകൾ പിടിച്ചെടുത്തു. യൂണിവേഴ്സിറ്റിയുടെ സീൽ ഉള്ള മാർക്കു ലിസ്റ്റാണ് കണ്ടെത്തിയത്. മേയ് മാസത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതികൾക്കു ഡിആർഐ കാരണം കാണിക്കൽ നോട്ടിസ് നൽകിയതോടെയാണ് റെയ്ഡിന്റെ വിവരങ്ങൾ പുറത്തു വന്നത്. കേസിൽ നാലാം പ്രതിയാണ് വിഷ്ണു സോമസുന്ദരം. മാർക്കു ലിസ്റ്റ് കണ്ടെത്തിയതിനെത്തുടർന്ന്, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്തു നൽകുമെന്നു ഡിആർഐ ഉദ്യോഗസ്ഥർ ‘മനോരമ ഓൺലൈനോട്’പറഞ്ഞു. 

യൂണിവേഴ്സിറ്റി ഓഫിസിൽ മാർക്ക് ലിസ്റ്റുകൾ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. കൃത്യമായ കണക്കു സൂക്ഷിക്കാറില്ല. ഏതു ജീവനക്കാരൻ വിചാരിച്ചാലും മാർക്കു ലിസ്റ്റുകൾ കടത്താൻ കഴിയുമെന്നാണ് ഉള്ളിൽതന്നെയുള്ള ആക്ഷേപം. എന്നാൽ, പൂരിപ്പിക്കാത്ത മാർക്കു ലിസ്റ്റു കിട്ടിയാലും തട്ടിപ്പു നടത്താൻ കഴിയില്ലെന്നു യൂണിവേഴ്സിറ്റി അധികൃതർ ചൂണ്ടിക്കാട്ടുന്നു. പരിശോധനാ സമയത്തു തട്ടിപ്പു കണ്ടെത്താനാകുമെന്നാണ് അവകാശവാദം. 1974ൽ യൂണിവേഴ്സിറ്റിയിൽ മാർക്കു ലിസ്റ്റ് തട്ടിപ്പ് നടന്നതു വിവാദമായിരുന്നു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. മെയ് 13ന് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർ സുനിൽകുമാറും (45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും (42) അറസ്റ്റിലായതോടെയാണ് സ്വർണക്കടത്തിൽ വിഷ്ണു സോമസുന്ദരത്തിന്റെ പങ്ക് വ്യക്തമാകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed