യുഎപിഎ കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകനായ ത്വാഹ ഫസലിന്റെ ലാപ്ടോപ്പില്‍നിന്ന് മാവോയിസ്റ്റ് ബന്ധം സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. മാവോയിസ്റ്റ് ഭരണഘടന, മാവോയിസ്റ്റ് അനുകൂല പരിപാടികളുടെ ഫോട്ടോകള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. പ്രതികളുടെ മാവോയിസ്റ്റ് ബന്ധത്തിന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്ക്കൊപ്പം അന്വേഷണസംഘം ഈ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കും.
റിമാന്‍ഡിലുള്ള അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവരോടൊപ്പമുണ്ടായിരുന്ന മൂന്നാമനെ കണ്ടെത്തേണ്ട കാര്യവും കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിക്കും. ഇയാളെക്കുറിച്ച് ഇരുവരും ഇതുവരെ ഒരുവിവരവും നല്‍കിയിട്ടില്ലെന്നും അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നുമാണ് അന്വേഷണസംഘം കോടതിയെ അറിയിക്കുക. യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.