പണം വാങ്ങി മൃതദേഹം ഇടവകമാറ്റി സംസ്‌കരിച്ചു; പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ വിശ്വാസികളുടെ പ്രതിഷേധം

തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ വിശ്വാസികളുടെ വന്‍ പ്രതിഷേധം. പാളയം ഇടവകയ്ക്ക് കീഴിലുള്ള പാറ്റൂര്‍ സെമിത്തേരിയില്‍ മറ്റൊരു ഇടവകാംഗത്തിന്റെ സംസ്‌കാരത്തിന് വൈദികന്‍ പണം വാങ്ങിയ ശേഷം അനുമതി നല്‍കിയെന്നാരോപിച്ചാണ് പ്രതിഷേധം.
10 വര്‍ഷം മുന്‍പ് ഒരു വാഹനാപകടത്തില്‍ വെട്ടുകാട് ഇടവകയിലെ നിതിന്‍ മാര്‍ക്കോസ് മരിച്ചു. ഇതേ പള്ളിയുടെ സെമിത്തേരിയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ സ്ഥലപരിമിതികള്‍ കാരണം പാറ്റൂര്‍ സെമിത്തേരിയിലേക്ക് അടുത്തിടെ മൃതദേഹം മാറ്റി. ഇതാണ് വിശ്വാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. വികാരി പണം വാങ്ങി മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കിയെന്നും പണം നല്‍കിയാല്‍ വൈദീകന്‍ എന്തും ചെയ്യുമെന്നും വിശ്വാസികള്‍ ആരോപിച്ചു. ജില്ലാ കളക്ടറുടേയോ വിശ്വാസികളുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് പള്ളി വികാരി ഈ തീരുമാനം എടുത്തതെന്നും വിശ്വാസികള്‍ ആരോപിക്കുന്നു. പള്ളി വികാരി ഫാ. നിക്കോളാസിനെ വിശ്വാസികള്‍ തടഞ്ഞുവെച്ചു. അതേസമയം, സഭാ നിയമത്തിന് അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വികാരി പറഞ്ഞു.