കൂടത്തായി കൂട്ടമരണക്കേസ് അന്വേഷണം വിപുലീകരിക്കും: ഡി.ജി.പി


കോഴിക്കോട്: കേരളത്തിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൂടത്തായി കൂട്ടമരണക്കേസ് അന്വേഷണം വിപുലീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കേസ് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കാലപ്പഴക്കവും സാക്ഷികളുടെ അഭാവവും ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കണം. ഫൊറൻസിക് തെളിവുകൾ കണ്ടെത്തുന്നത് പ്രയാസകരമാണ്. മൃതദേഹങ്ങളുടെ ട്രാൻസ് അനാലിസിസ് നടത്താന്‍ കോടതിയുടെ അനുമതിയോടെ രാജ്യത്തെ ഏറ്റവും മികച്ച ലബോറട്ടറിയുടെ സേവനം തേടും. ഇതിനു കഴിയാത്ത പക്ഷം കോടതിയുടെ അനുമതിയോടെ വിദേശത്തെ ലാബിനെ സമീപിക്കും. ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. വെടിവയ്പ്, കത്തിക്കുത്ത് കേസുകൾ പോലെയല്ല ഈ കേസ്. ഒരു സാക്ഷി പോലും ഇല്ല. സാഹചര്യത്തെളിവുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ജോളിയെ കസ്റ്റഡിയിൽ കിട്ടുന്നതോടെ അന്വേഷണരീതി മാറുെമന്നു ബെഹ്റ മാധ്യമങ്ങളോടു പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് ഇനി എന്തെല്ലാം ചെയ്യണമെന്ന് കൃത്യമായി രൂപരേഖ തയാറാക്കിയിട്ടുണ്ട്. കേസുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിട്ടുള്ള എല്ലാവരെയും ചോദ്യം ചെയ്യും. കൂടത്തായിയിലെ ദുരൂഹമരണങ്ങളില്‍ ഒരെണ്ണവുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോൾ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമപരമായ ചര്‍ച്ചകള്‍ക്കു ശേഷം മറ്റു മരണങ്ങളുമായി ബന്ധപ്പെട്ടു പ്രത്യേകം കേസ് റജിസ്റ്റര്‍ ചെയ്യും. കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ പ്രതികള്‍ ആരായാലും കേരളാ പോലീസ് കണ്ടുപിടിക്കുകതന്നെ ചെയ്യും. അന്വേഷണത്തില്‍ നേരത്തെ വീഴ്ച ഉണ്ടായോയെന്ന് ഇപ്പോള്‍ അന്വേഷിക്കുന്നില്ല. വളരെ പോസിറ്റീവ് ആയ രീതിയില്‍ കേസ് അന്വേഷിച്ച് പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും ഡിജിപി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed