സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല

തിരുവനന്തപുരം: കിയാലിലെ ഓഡിറ്റും കിഫ്ബി ക്രമക്കേടും ട്രാന്‍സ് ഗ്രിഡ് അഴിമതിയുമടക്കം സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ വിമാനത്താവളത്തില്‍ നടക്കുന്ന അഴിമതി മൂടിവയ്ക്കാനും അവിടെ നടന്ന അനധികൃത നിയമനങ്ങള്‍ മൂടിവയ്ക്കുകയും ചെയ്യുക എന്ന അജന്‍ഡയുള്ളത് കൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സമ്പൂര്‍ണ സിഎജി ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതെന്ന് പാലായില്‍ മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തല ആരോപിച്ചു. .
സിപിഎം നേതാക്കളുടെ മക്കളെ പലരേയും അനധികൃതമായി കണ്ണൂര്‍ വിമാനത്തവാളത്തില്‍ നിയമിച്ചിരിക്കുകയാണ്. സിഎജി ഓഡിറ്റിംഗിന് അനുമതി നല്കിയാല് നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുമെന്ന ഭയമാണ് സിപിഎമ്മിനും സര്‍ക്കാരിനും. സമാനമായ രീതിയിലുള്ള വലിയ അഴിമതിയാണ് കിഫ്ബിയുടെ പേരിലും നടക്കുന്നത്.
അഞ്ച് കമ്പനികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കിഫ്ബി ഫണ്ട് വക മാറ്റി ചെലവാക്കി. 11 ലക്ഷം രൂപ ചിലവ് വരുന്ന മണ്ണ് മാറ്റല്‍ പദ്ധതി 1.11 കോടി രൂപയ്ക്കാണ് കിഫ്ബി നടപ്പാക്കിയത്. ഇക്കാര്യങ്ങളിലെല്ലാം ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുമോ? കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. കിഫ്ബിയുടെ നടത്തിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണ്. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിന് മറുപടിയായി സര്‍ക്കാര്‍ ഭക്ഷണം കഴിക്കാന്‍ മറ്റാരെക്കാളും യോഗ്യത മുഖ്യമന്ത്രിക്ക് തന്നെയാണെന്ന് പ്രതിപക്ഷ നതാവ് ആരോപിച്ചു.