ചെക്ക് കേസ് തീർന്ന് തുഷാർ വെള്ളാപ്പള്ളി തിരിച്ചെത്തി

കൊച്ചി: ദുബൈയിൽ ചെക്ക് കേസിൽ കുറ്റവിമുക്തനായ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി കേരളത്തിൽ തിരിച്ചെത്തി. കൊച്ചി വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണമാണ് തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി ഒരുക്കിയിരുന്നത്. കൊടുങ്ങല്ലൂർ സ്വദേശി നാസിൽ അബ്ദുള്ളയുടെ പരാതിയിൽ അജ്‍മാൻ കോടതിയിൽ നിലവിലുണ്ടായിരുന്ന ചെക്ക് കേസ് കോടതി തള്ളിയതോടെയാണ് തുഷാർ കേരളത്തിൽ മടങ്ങിയെത്തിയത്. നാസിൽ അബ്ദുള്ള നൽകിയ ചെക്ക് കേസിൽ നേരത്തെ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുഷാർ വെള്ളാപ്പള്ളി തിരിച്ചെത്തുന്നതറിഞ്ഞ് ബിജെപിയുടെയും ബിഡിജെഎസിന്‍റെയും മുതിർന്ന നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. നേതാക്കളും പ്രവർത്തകരും ചേർന്ന് ആവേശകരമായ സ്വീകരണമാണ് കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയത്.