ലുങ്കിയുടുത്തയാളെ ഹോട്ടലിൽ കയറ്റിയില്ല; മലപ്പുറം സ്വദേശിയുടെ പരാതിയിൽ‍് പോലീസ് കേസെടുത്തു
കോഴിക്കോട്: ലുങ്കി ഉടുത്തതിന്റെ പേരിൽ പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് സ്വകാര്യ ഹോട്ടലിനെതിരെ പരാതി. ലുങ്കി ഉടുത്ത് എത്തിയതിന് തടഞ്ഞുവെച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നുമുള്ള പരാതിയിൽ ഹോട്ടൽ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.
മലപ്പുറം ചേലന്പ്ര സ്വദേശി അബ്ദുൾ കരീമിന്റെ പരാതിയിലാണ് നടപടി. കോഴിക്കോട് ബീച്ചിലെ സ്വകാര്യ ഹോട്ടലിൽ ശനിയാഴ്ച രാത്രി 10 മണിയോടെ എത്തിയ തന്നെ ലുങ്കി ഉടുത്തുവെന്ന പേരിൽ അവിടുത്തെ ജീവനക്കാർ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ ലുങ്കി അനുവദനീയമല്ലെന്ന് ഹോട്ടൽ അധികൃതർ എഴുതി നൽകുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന കരീമിന്റെ പരാതിയിൽ ഹോട്ടലിലെ ഒരു ജീവനക്കാരനെതിരെ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തു. എന്നാൽ, ഹോട്ടലിൽ മൂന്ന് കൗണ്ടറുകളുണ്ടെന്നും അതിൽ കുടുംബമായി എത്തുന്നവർക്കുള്ള കൗണ്ടറിൽ മാത്രമാണ് ലുങ്കിയ്ക്ക് നിയന്ത്രണമുള്ളതെന്നും മദ്യപിച്ച് എത്തിയ കരീം മുണ്ടുരിയാൻ തുടങ്ങിയപ്പോഴാണ് തടഞ്ഞതെന്നുമാണ് മാനേജുമെന്റ് നൽകുന്ന വിശദീകരണം.

