അടിമാലിയിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ
ഇടുക്കി: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. കന്പിളികണ്ടം സ്വദേശിയും അടിമാലിയിലുള്ള സ്വകാര്യ എയ്ഡഡ് സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനുമായ നെല്ലികുന്നേൽ സാജനാണ് പോലീസ് പിടിയിലായത്. കൗൺസിലിംഗിലൂടെയാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് മാതാപിതാക്കൾ അദ്ധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു.
പലപ്പോഴായി പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കുറേ നാളുകളായി അടിമാലിയിലെ സ്‌കൂളിൽ അദ്ധ്യാപകനാണ് സാജൻ. ഇതിനിടെ പീഡനത്തിനിരയായ പെൺകുട്ടിയുമായി സാജൻ സൗഹൃദത്തിലായി. തുടർന്ന് സ്‌കൂളിൽ വെച്ചും പെൺകുട്ടിയുടെ വീട്ടിൽ വെച്ചും ഇയാൾ പലവട്ടം പീഡിപ്പിച്ചു.
കഴിഞ്ഞ ദിവസം സ്‌കൂളിൽ സംഘടിപ്പിച്ച കൗൺസിലിംഗിലാണ് പെൺകുട്ടി സംഭവം തുറന്ന് പറയുന്നത്. തുടർന്ന് സ്‌കൂൾ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചേർന്ന് പോലീസിനെ വിവരം അറിയിച്ചു. പ്രതി വാടകയ്ക്ക് കഴിഞ്ഞിരുന്ന അടിമാലിയിലെ വീട്ടിലെത്തി ഇയാളെ പോലീസ് പിടികൂടി. ഇതേ സ്‌കൂളിൽ മൂന്ന് വർഷം മുന്പ് പഠനം നടത്തിയ പൂർവ്വ വിദ്യാർത്‍ഥിനിയെ സാജൻ ഒരു മാസം മുന്പ് രജിസ്റ്റർ വിവാഹം കഴിച്ചതായും വിവരമുണ്ട്.

