നാലാം ഘട്ട വോട്ടെടുപ്പ് നാളെ


ന്യൂഡൽഹി: ജമ്മു കാശ്മീരിലെ അനന്ത് നാഗ് ഉൾപ്പെടെയുള്ള 72 മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ്. നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. മഹാരാഷ്ട്രയിലും ഒഡീഷയിലും ഈ ഘട്ടത്തോടെ പോളിംഗ് പൂർത്തിയാകും. മഹാരാഷ്ട്രയിൽ 17 മണ്ഡലങ്ങളിലും ഒഡീഷയിൽ ആറിടത്തുമാണ് വോട്ടെടുപ്പ്.

ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും നാളെയാണ് ആദ്യഘട്ട പോളിംഗ്. രാജസ്ഥാനിൽ 13 ഇടത്തും മധ്യപ്രദേശിൽ ആറിടത്തുമാണ് വോട്ടെടുപ്പ്. ബംഗാളിൽ എട്ടും യുപിയിൽ പതിമൂന്നും, ബിഹാറിൽ അഞ്ചും ജാർഖണ്ഡിൽ മൂന്നും മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

2014-ൽ ബിജെപി തൂത്തുവാരിയ സീറ്റുകളാണ് ഈ ഘട്ടത്തിൽ പലതും. നാലാംഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന 72 സീറ്റുകളിൽ 56-ഉം എൻഡിഎ സഖ്യം നേടിയിരുന്നു. കോൺഗ്രസിന് ആകെ രണ്ട് സീറ്റുകളാണ് കിട്ടിയത്. ബാക്കി 14 സീറ്റുകൾ തൃണമൂൽ കോൺഗ്രസിനും ബിജു ജനതാദളിനും വിഭജിച്ച് പോയി. 

961 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. ആകെ 12.79 കോടി വോട്ടർമാർ ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തും. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, സുഭാഷ് ഭാംരെ, എസ്.എസ് അലുവാലിയ, ബാബുൽ സുപ്രിയോ - കോൺഗ്രസിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രിമാരായ സൽമാൻ ഖുർഷിദ്, അധിർ രഞ്ജൻ ചൗധുരി എന്നിവർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നു. 

സി.പി.ഐയുടെ വിദ്യാ‍ർത്ഥി നേതാവായ കനയ്യ കുമാർ ബെഗുസരായിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ നേരിടും. മുംബൈ നോർത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ചലച്ചിത്രതാരം ഊർമിളാ മതോന്ദ്കർ ജനവിധി തേടുന്നു. എസ്‍.പിയുടെ ഡിംപിൾ യാദവ്, തൃണമൂലിന്‍റെ ശതാബ്ദി റോയ്, കോൺഗ്രസ് മഹാരാഷ്ട്ര പി.സി.സി അദ്ധ്യക്ഷൻ മിലിന്ദ് ദേവ്‍റ എന്നിവർ ജനവിധി തേടുന്ന മറ്റ് പ്രമുഖർ. 

പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ വന്ന് ഇളക്കി മറിച്ച പ്രചാരണത്തിനൊടുവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 

You might also like

  • Straight Forward

Most Viewed