ഇന്ത്യ− പാക് സംഘർഷം: പ്രതിഷേധം ഒഴിവാക്കാൻ കോഴിക്കോട്ടെ കറാച്ചി ഹോട്ടൽ പേര് മാറ്റി

കോഴിക്കോട്: ഇന്ത്യ− പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രതിഷേധം ഒഴിവാക്കാൻ കോഴിക്കോട് പൊറ്റമ്മലിലുള്ള കാലിക്കറ്റ് കറാച്ചി ദർബാർ റസ്റ്റോറന്‍റിന്‍റെ പേര് ഉടമ മറച്ചു. അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാകിസ്ഥാനിലെ പ്രധാന നഗരത്തിന്‍റെ പേര് ഹോട്ടലിന് കൊടുക്കന്നത് പ്രകോപനം ഉണ്ടാക്കുമെന്ന് അഭിപ്രായം പരിഗണിച്ചാണ് ഹോട്ടൽ ഉടമ ബോർഡിൽ നിന്നും കറാച്ചി എന്ന ഭാഗം ഒഴിവാക്കിയത്.
രണ്ട് ശാഖകളാണ് നഗരത്തിൽ കാലിക്കറ്റ് കറാച്ചി ദർബാർ ഹോട്ടലിന് ഉള്ളത്. ദുബൈയിലെ പ്രശസ്തമായ കറാച്ചി ദർബാർ ഹോട്ടലിന്‍റെ മാതൃക പിൻപ്പറ്റിയാണ് ഉടമ കോഴിക്കോട് ഹോട്ടൽ തുടങ്ങിയത്. കറാച്ചി വിഭവങ്ങളുടെ രുചി വൈവിദ്ധ്യമാണ് ഹോട്ടലിന്‍റെ പ്രത്യേകത. അതിനാൽ പേരിലും കറാച്ചിയെന്ന് വെച്ചു. അതിർത്തിയിൽ സംഘർഷം തുടങ്ങിയപ്പോൾ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തിയ ചിലരാണ് കറാച്ചി എന്ന പേരിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയത്. ഇതോടെ ബോർഡിലെ ആ ഭാഗം മറച്ചു. ആരും ഭീഷണിപ്പെടുത്തിയതിനെ തുടർന്നല്ല ഇതെന്ന് ഉടമ ജംഷി പറഞ്ഞു.