കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം റദ്ദാക്കി; സമരവിജയം ആഘോഷിച്ച് എസ്.ഒ.എസ്

കോട്ടയം: ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികപീഡനക്കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സേവ് ഔർ സിസ്‌റ്റേഴ്‌സ് ഐക്യദാർഢ്യ സമിതി കോട്ടയം തിരുനക്കരയിൽ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്പാണ് സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയത്. ഉത്തരവ് റദ്ദാക്കിയതായി കന്യാസ്ത്രീകനൾ സമര വേദിയിൽ അറിയിച്ചു. കേസിന്റെ നടപടികൾ തീരുന്നത് വരെയാണ് സ്ഥലം മാറ്റം റദ്ദാക്കിയത്.
കേസിലെ പരാതിക്കാരിയും സാക്ഷികളും ഉൾപ്പെടെയുള്ളവരെയാണ് സഭ സ്ഥലം മാറ്റിയത്. അഞ്ച് കന്യാസ്ത്രീകളെയാണ് സ്ഥലം മാറ്റിയത്.ഒരാളെ പഞ്ചാബിലേക്കും മറ്റുള്ളവരെ ഛത്തീസ്ഗഡിലേക്കുമാണ് മാറ്റിയത്. കോട്ടയത്തെ പ്രതിഷേധ പരിപാടി തുടങ്ങിയപ്പോൾ്‍ തന്നെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കന്യാസ്ത്രീകൾ.
പീഡനക്കേസിൽ ആരോപണവിധേയനായ ഫ്രാങ്കോ ബീഷപ്പ് സ്ഥാനത്ത് തുടരുന്നത് കേസിന്റെ തുടർ നടപടികളെ ബാധിക്കുമെന്നതിനാൽ ഫ്രാങ്കോയെ ഉടൻ ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് എസ്.ഒ.എസ് ഉന്നയിക്കുന്ന മറ്റൊരു ആവശ്യം. എസ്.ഒ.എസ് ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം പ്രതിഷേധ പരിപാടികൾ സംസഥാന വ്യാപകമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.