കോപ്പിയടി എതിർത്ത അദ്ധ്യാപകന്റെ കൈ വിദ്യാർത്ഥി തല്ലിയൊടിച്ചു

കാസർഗോഡ്:കോപ്പിയടി ചോദ്യം ചെയ്ത ഹയർ സെക്കൻഡറി അദ്ധ്യാപകന്റെ കൈ വിദ്യാർത്ഥി തല്ലിയൊടിച്ചു. ചെമ്മനാട് ജമാ അത്ത് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു അദ്ധ്യാപകൻ ചെറുവത്തൂർ തിമിരി സ്വദേശി ബോബി ജോർജിനെ ആണ് വിദ്യാർത്ഥി ആക്രമിച്ചത്. ആശുപത്രിയിൽ എത്തിച്ച അദ്ധ്യാപകന്റെ കൈക്ക് പ്ലാസ്റ്റർ ഇട്ടു.
ഇന്നലെ പരീക്ഷയ്‌ക്കിടെ കോപ്പി അടിക്കുന്നത് കണ്ട് അൽപം മാറി ഇരിക്കാൻ പറഞ്ഞപ്പോൾ ക്ഷുഭിതനായ വിദ്യാർത്ഥി ആക്രമിക്കുകയായിരുന്നു. കൈ കൊണ്ടും ഡസ്‌കിന്റെ കാലുകൊണ്ടും അടിയേറ്റ് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിൽ എത്തിയ അദ്ധ്യാപകനെ പിറകെ എത്തിയ വിദ്യാർത്ഥിയുടെ പിതാവ് ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ട്. പി.ടി.എ കമ്മിറ്റിയും അദ്ധ്യാപകരും കാസർഗോഡ് ടൗൺ പോലീസിൽ പരാതി നൽകി. അദ്ധ്യാപകന്റെ മൊഴിയെടുത്ത ടൗൺ പോലീസ് വിദ്യാർത്ഥിയുടെ പേരിൽ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസും ശക്തമായ നടപടി എടുക്കാൻ ടൗൺ പൊലീസിന് നിർദ്ദേശം നൽകി.