ഹിന്ദുമഹാസഭയ്ക്ക് മുട്ടൻ പണി നൽകി കേരളാ സൈബർ വാരിയേഴ്സ്

തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71ആം രക്തസാക്ഷിത്വ ദിനത്തിൽ ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്‌കരിക്കുകയും ഗോഡ്സെയെ മാലയിട്ട് വന്ദിക്കുകയും ചെയ്ത സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡേയാണ് ഗാന്ധിവധം പുനഃരാവിഷ്‌കരിച്ചത്. ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു അവർ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. സംഭവത്തെ തുടർന്ന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോഴിതാ ഹിന്ദുമഹാസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത കേരള സൈബർ വാരിയേഴ്സ് രംഗത്ത്. abhm.org.in എന്ന വെബ്സൈറ്റാണ് കേരള സൈബർ വാരിയേഴ്സിന്റെ ΓΗ057_Ρ007 എന്ന അംഗം ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത സൈബർ വാരിയേഴ്സ് ഹിന്ദുമഹാ സഭ മുർദാബാദ് എന്ന് വെബ്സൈറ്റിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം മഹാസഭ നേതാവ് ഗാന്ധിയുടെ ചിത്രത്തിന് നേരെ വെടിയുതിർക്കുന്ന ചിത്രവുമുണ്ട്. ഇവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് രാജ്യദ്രോഹ കുറ്രം ചുമത്തണമെന്നും സൈബർ വാരിയേഴ്സ് ആവശ്യപ്പെടുന്നുണ്ട്. ഉത്തർപ്രദേശിലെ അലിഗഡിലാണ് വിവാദ സംഭവം റിപ്പോർട്ട് ചെയ്തത്. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയിൽ പൂജ ശകുൻ പാണ്ഡെ മാലയണിയിക്കുകയും ചെയ്തു. പിന്നാലെ പ്രവർത്തകർക്കൊപ്പം മധുരം പങ്കിട്ടാണ് ഗാന്ധിവധം ഇവർ ആഘോഷമാക്കിയത്. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ശൗര്യ ദിവസ് ആയാണ് ഹിന്ദു മഹാസഭ ആചരിക്കുന്നത്. അന്ന് മധുരവിതരണവും ഗോഡ്‌സെ പ്രതിമയിൽ മാലയണിയിക്കലും പതിവാണ്. എന്നാൽ ഇതാദ്യമായാണ് ഗാന്ധിവധം ഇവർ പുനരാവിഷ്‌കരിക്കുന്നത്.