കെഎസ്ആർടിസിയിൽ കൂട്ടപ്പിരിച്ചുവിടൽ; ജോലിക്കെത്താത്ത നിരവധി പേർ പുറത്ത്

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ദീർഘകാലമായി ജോലിക്കെത്താത്ത 773 സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ടു. സ്ഥിരമായി ജോലിക്കെത്താതും ദീർഘകാലമായി അവധിയിൽ പ്രവേശിച്ചിരിക്കുന്നതുമായ സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് എംഡി ടോമിൻ ജെ തച്ചങ്കരിയാണ് ഉത്തരവിട്ടിരിക്കുന്നത്. 304 ഡ്രൈവർമാരെയും, 469 കണ്ടക്ടർമാരെയുമാണ് പിരിച്ചുവിട്ടത്.
നഷ്ടത്തിലായിരുന്ന കെഎസ്ആർടിസിയെ കരകയറ്റാൻ സർക്കാരും അധികൃതരും പരിശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള സമീപനം. ജോലിയിൽ പ്രവേശിച്ചിട്ടും അനധികൃതമായി അവധി എടുത്ത് വിദേശത്തടക്കം പോയവരുണ്ട്. ഇവർക്ക് പെൻഷന്‍ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇത് കെഎസ്ആർടിസിക്ക് അധിക ചെലവ് വരുത്തിവെയ്ക്കുമെന്നതിനാലാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള അധികൃതരുടെ തീരുമാനം.
ഏറെ നാളായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് നേരത്തെ കെഎസ്ആർടിസി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് അധികൃതർ കടന്നത്.