ഇടുക്കി അണക്കെട്ട് തുറന്നു; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചതിനെ തുടർന്ന് ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു. രാവിലെ പതിനൊന്നു മണിയോടെയാണ് ഷട്ടർ തുറന്നത്. ഒരു ഷട്ടറിന്റെ 50 സെന്റമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്റില്‍ 50000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുക.
നിലവില്‍ 2387.5 ആണ് അണക്കെട്ടിലെ ജലനിരപ്പ്. ഒരു ഷട്ടര്‍ മാത്രം തുറന്നതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. മുൻകരുതൽ എന്ന നിലയ്ക്കാണ് ഡാം തുറന്നത് എന്ന് വൈദ്യുതി വകുപ്പും അറിയിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളോട് ജാഗ്രത പാലിക്കണം എന്ന നിർദേശം നൽകി.
വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ഒരു ഷട്ടർ തുറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മുന്നറിയിപ്പില്ലാതെ അണക്കെട്ടുകൾ തുറന്നാണ് പ്രളയം രൂക്ഷമാക്കിയത് എന്ന തരത്തിൽ വ്യാപക വിമർശനങ്ങൾ പ്രളയ ശേഷം ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് മുൻകരുതലായി ഡാമിന്റെ ഷട്ടർ തുറന്നത്.