പരസ്യമായി കാണുന്പോഴുള്ള ചിരി നേതാക്കൾ ഒറ്റയ്ക്ക് കാണുന്പോഴുമുണ്ടാവണം : എ.കെ ആന്റണി

മലപ്പുറം : പരസ്യമായി കൂട്ടത്തോടെ കാണുന്പോൾ മുഖത്തുണ്ടാവുന്ന ചിരിയും സ്നേഹവും ഒറ്റയ്ക്കൊറ്റയ്ക്ക് കാണുന്പോഴും നേതാക്കൾക്കുണ്ടായാലേ കോൺഗ്രസ് ശക്തമായി മുന്നോട്ടുപോവൂ എന്ന് ദേശീയ പ്രവർത്തക സമിതിയംഗം എ.കെ ആന്റണി. ജില്ലാ കോൺഗ്രസ് കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമങ്ങൾ വലിയ കുഴപ്പമുണ്ടാക്കില്ലെങ്കിൽ ഒരുകാര്യം പറയാമെന്ന മുഖവുരയോടെ വേദിയിലെ നേതാക്കൻമാരെ നോക്കി ചിരിച്ചാണ് ആന്റണി പരോക്ഷമായി വിമർശിച്ചത്. മോഡി സർക്കാരിനെതിരെ ദേശീയതലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അതിവിശാലമായ ജനകീയ മുന്നണിക്ക് രൂപം കൊടുക്കുന്പോൾ കേരളത്തിലെ കോൺഗ്രസുകാർക്കും ചില കടമകളുണ്ട്. പാർട്ടികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ എന്തൊക്കെ ഉണ്ടായാലും അതെല്ലാം മറക്കേണ്ട സമയം കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യ, മതേതര പാർട്ടികൾ ഒരുമിച്ചാൽ മോഡിയെ താഴെയിറക്കാമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. പുരയ്ക്ക് തീപിടിക്കുന്പോൾ കണക്കും വരവും പറഞ്ഞിട്ട് കാര്യമില്ല. കോൺഗ്രസ് നിലപാടുകളിലും ഇതിനനുസൃതമായ മാറ്റമുണ്ടായിട്ടുണ്ട്. ഭരണാധികാരികൾ തന്നെ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ആർ.എസ്.എസിന്റെ വർഗീയ പ്രചാരണങ്ങളെ നേരിടാനെന്ന വിധം ന്യൂനപക്ഷ തീവ്രവാദം പ്രചരിപ്പിക്കുന്ന സംഘടനകളുടെ നിലപാട് ആത്മഹത്യാപരവും ആപൽക്കരവുമാണ്. ഇവർ ആർ.എസ്.എസിന്റെ കെണിയിലാണെന്നും ആന്റണി പറഞ്ഞു. കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പിസത്തെയും നേതാക്കൾക്കിടയിലെ പിണക്കങ്ങളെയും പരോക്ഷമായി വിമർശിച്ചു. ഡി.സി.സി പ്രസിഡണ്ട് വി.വി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.