ചെറുകിട കച്ചവടക്കാരെ തകർക്കുന്ന നിർദ്ദേശത്തെ എതിർക്കുമെന്ന് തോമസ് ഐസക്


കൊച്ചി : ഡിജിറ്റൽ പണമിടപാട് നടത്തുന്ന കച്ചവടക്കാർക്ക് നികുതിയിൽ രണ്ട് ശതമാനം ഇൻസെന്റീവ് നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം ജി.എസ്.ടി കൗൺസിലിൽ എതിർക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ജി.എസ്.ടി കൗൺസിലിന്റെ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യങ്ങൾ ധനമന്ത്രി തോമസ് ഐസക്ക് ഉന്നയിച്ചത്. 

നോട്ടുനിരോധനത്തിന് ശേഷം ചെറുകിട വ്യാപാരികളും ഗ്രാമീണ സന്പദ് വ്യവസ്ഥയും ഡിജിറ്റൽ ഇടപാടുകൾക്ക് പുറത്താണ്. വൻകിട കച്ചവടക്കാർക്കു മാത്രമാണ് ഈ സന്പ്രദായം ഉപയോഗിക്കാൻ സാധിക്കുക. അങ്ങനെയൊരു സാഹചര്യത്തിൽ അവർക്ക് നികുതിയിൽ രണ്ട് ശതമാനം ഇളവ് ലഭിക്കുന്നത് ചെറുകിട കച്ചവടക്കാരെ തകർക്കാൻ മാത്രമേ ഉപകരിക്കൂ. ഈ നിർദ്ദേശം കേരളം ശക്തമായി എതിർക്കും. പഞ്ചസാരയ്ക്ക് സെസ് ഏർപ്പെടുത്താനുള്ള നിർദ്ദേശവും കേരളം എതിർക്കും. കരിന്പു കർഷകരെ സഹായിക്കാനെന്ന പേരിലാണ് സെസ് ഏർപ്പെടുത്താനുള്ള ഈ നീക്കം. 

കരിന്പു കർഷകർക്ക് പ്രശ്നങ്ങളുണ്ട് എന്നത് ശരിയായ കാര്യമാണ്. എന്നാൽ സമാനമായ അവസ്ഥയിലൂടെയാണ് നമ്മുടെ നാണ്യവിളകർഷകർ കടന്നുപോകുന്നത്. സംസ്ഥാന ബജറ്റിൽ നിന്നാണ് നാം നമ്മുടെ കർഷകർക്ക് സഹായധനം നൽകുന്നത്. സമാനമായി കരിന്പുകർഷകരെയും പരിഗണിക്കണമെന്നാണ് കേരളത്തിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെഎതിർപ്പു ശക്തമായപ്പോൾ വിഷയം പഠിക്കാൻ മന്ത്രിതല ഉപസമിതി രൂപീകരിക്കുമെന്ന്  ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed