പോലീസുകാരനെയും ഗാനമേള ട്രൂപ്പ് അംഗങ്ങളെയും ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

നെയ്യാറ്റിൻകര : കമുകിൻ കോട് പള്ളിപ്പെരുന്നാളിന് അവണാകുഴിക്ക് സമീപം താന്നിമൂട് ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെയും ഗാനമേള ട്രൂപ്പിലെ രണ്ട് പേരെയും ആക്രമിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിൽ. ആറാലുംമൂട് ചന്തയ്ക്ക് സമീപം രാമഗോകുലം വീട്ടിൽ വിഷ്ണു (23), വെൺപകൽ ഭാസ്കർ നഗർ കൊച്ചവിളാകം വീട്ടിൽ ദീപക് (28) എന്നിരാണ് നെയ്യാറ്റിൻകര പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 10ന് രാത്രിയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ താന്നിമൂട് ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രതീഷിന്റെ രണ്ട് കൈകളും ഒടിയുകയും വാരിയെൽൽ തകരുകയും ചെയ്തിരുന്നു. മൂന്നംഗ സംഘമാണ് രതീഷിനെ ആക്രമിച്ചത്. പ്രതികൾക്ക് പോലീസിനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഒന്നാം പ്രതിയായ വിഷ്ണു കൊലപാതകം ഉൾപ്പെടെ ആറ് കേസുകളിലെ പ്രതിയാണ്.
കൊടങ്ങാവിളയിലെ ജിജോയെ നെയ്യാറ്റിൻകര ബാറിൽ വെച്ച് മർദ്ദിച്ച ആളോട് പകരം ചോദിക്കാൻ ഇവരെ ജിജോ തന്റെ വീട്ടിൽ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ ജിജോയെക്കുറിച്ച് പോലീസ് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല. തുടർന്ന് ഇവർ സംഘം ചേർന്ന് രണ്ട് ബൈക്കുകളിലായി കമുകിൻകോട്ടേക്ക് പോകുംവഴി ഗാനമേള ട്രൂപ്പിലെ അംഗങ്ങളായ റജി, പ്രശാന്ത് എന്നിവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ റജിയുടെ കൈകൾ ഒടിഞ്ഞു തൂങ്ങി.
തുടർന്ന് താന്നിമൂട് ജംഗ്ഷനിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥൻ രതീഷിന് നേരെ വടിവാൾ വീശുകയായിരുന്നു. ആക്രമണത്തിൽ രതീഷിന്റെ രണ്ട് കൈകളും ഒടിഞ്ഞുതൂങ്ങി. തറയിൽ വീണ രതീഷിനെ ദീപക് ഇരുന്പു കന്പി ഉപയോഗിച്ച് വാരിയെല്ലിൽ അടിച്ചു. തുടർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതികൾ ബൈക്കിൽ സ്ഥലംവിട്ടു.
പോലീസ് ജീപ്പിൽ രതീഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിഷ്ണുവിനെ പിന്തുടർന്നെത്തിയ പോലീസ് പിടികൂടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഭാസ്കർ നഗറിലെ വീട്ടിൽ നിന്നു ദീപക്കിനെയും പിടികൂടി. റൂറൽ എസ്.പി പി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.