കോട്ടയം ജില്ലയിൽ വ്യാജ വെളിച്ചെണ്ണ നിരോധിച്ചു

കോട്ടയം : കോട്ടയം ജില്ലയിൽ കേര ഹണി ടെസ്റ്റാ ഓയിൽ നിരോധിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രസ്തുത ഓയിൽ ഭക്ഷ്യയോഗ്യമായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തിയിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവ് പ്രകാരം മേൽപ്പറഞ്ഞ ഗുണലഭ്യത കുറഞ്ഞ വെളിച്ചെണ്ണ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും ഫെബ്രുവരി 12 മുതൽ നിരോധിക്കുകയായിരുന്നു.
ഭക്ഷ്യ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പലയിടങ്ങളിലും ഗുണമേന്മ കുറഞ്ഞ വ്യാജ വെളിച്ചെണ്ണ വിറ്റഴിക്കുന്നതായി കണ്ടെത്തിയിരുന്നു. വിൽപ്പനയിൽ ഇടനിലക്കാർക്ക് ലാഭം കിട്ടുമെന്നതിനാൽ കച്ചവടക്കാർ വെളിച്ചെണ്ണ വാങ്ങാനെത്തുന്നവരെ കേര ഹണി ടെസ്റ്റാ ഓയിൽ എന്ന പേരിലിറങ്ങുന്ന വെളിച്ചെണ്ണ വാങ്ങാൻ പ്രേരിപ്പിക്കും. വെളിച്ചെണ്ണയുടെ അതേ നിറമുള്ളതിനാൽ കബളിക്കപ്പെടുന്നത് ഉപഭോക്താക്കളാരും അറിയുന്നില്ലെന്ന് മാത്രം തേങ്ങ ചുരണ്ടി തീരാറാകുന്പോൾ ചിരട്ടയോട് ചേർന്ന് ഏറ്റവും അടിയിൽ കാണപ്പെടുന്ന കറുത്ത ഭാഗം ചുരണ്ടിയെടുത്ത് കുറച്ച് പാമോയിലും മറ്റ്ഘടകങ്ങളും യോജിപ്പിച്ചാണ് വ്യാജ വെളിച്ചെണ്ണ ഉൽപ്പാദനം.
ഉൽപ്പാദനം കോയന്പത്തൂരിൽ− കോയന്പത്തൂർ മുട്ടംപാളയം കിനാത്തുകടവ് പല്ലടം റോഡിലെ സ്വാഗത് ട്രേഡേഴ്സാണ് ഉൽപ്പാദകർ. തൃശ്ശൂരിലെ എ.ജെ ആൻഡ് സൺസ് ലിമിറ്റഡ്, കോട്ടയം ബ്രദേഴ്സ് ഏജൻസീസ് എന്നീ സ്ഥാപനങ്ങളാണ് കേര ഹണി ടെസ്റ്റാ ഓയിൽ ജില്ലയിൽ വിതരണം ചെയ്യുന്നവരെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തി.
കേര ഹണി ടെസ്റ്റാ ഓയിൽ ഫുഡ് ബിസിനസ് ഓപ്പറേറ്ററുടെ കൈവശം കണ്ടെത്തിയാൽ നിയമാനുസരണം പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്ന് −അസി. കമ്മീഷണറും ഫുഡ് സേഫ്റ്റി വകുപ്പും അറിയിച്ചു.