ബാങ്ക് ഉദ്യോഗസ്ഥർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രധാന പ്രതി പിടിയിൽ

പത്തനംതിട്ട : ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ട് ഉടമകളിൽ നിന്ന് എ.ടി.എമ്മിന്റെ ഒ.ടി.പി നന്പർ കൈവശപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. ഡൽഹി ഉത്തംനഗറിൽ താമസമാക്കിയ ഹിമാചൽ സ്വദേശി ആഷിഷ് ദിമാനെയാണ് ആണ് പന്തളം പോലീസ് പിടികൂടിയത്. പഴയ എ.ടി.എം കാർഡ് മാറ്റി ചിപ്പുള്ള പുതിയ കാർഡ് നൽകാൻ, എ.ടി.എം കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാൻ, എ.ടി.എം കാർഡ് അൺബ്ലോക്ക് ചെയ്യാൻ തുടങ്ങിയ രീതിയിൽ ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് ഇടപാടുകാരെ വിളിച്ച് പരിചയപ്പെട്ട ശേഷം ഒ.ടി.പി നന്പർ കൈവശപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ അംഗമാണ് പിടിയിലായതെന്ന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ജേക്കബ് ജോബ് പറഞ്ഞു.
ഓൺലൈൻ തട്ടിപ്പിനിരയായ പന്തളം സ്വദേശിയായ ഡോക്ടർ പോലിസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്ന് ഷാഡോ പോലീസിന്റെയും സൈബർ വിഭാഗത്തിന്റെയും സഹായത്തോടെ പന്തളം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പരാതിക്കാരന് നഷ്ടപ്പെട്ട തുകയിൽ ഒരു ഭാഗം എറണാകുളം ജില്ലയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പോയത് എന്ന സൈബർ സെല്ലിന്റെ കണ്ടെത്തലാണ് പ്രതിയെ പിടികൂടാൻ വഴി തെളിച്ചത്.
അടൂർ ഡിവൈ.എസ്.പി ആർ. ജോസിന്റെ നേതൃത്വത്തിൽ ബാങ്ക് മാനേജരുടെ സഹായത്തോടെയാണ് അക്കൗണ്ട് ഉടമ ആഷിഷ് ദിമാനെ പോലീസ് പിടികൂടിയത്. തട്ടിപ്പ് നടത്തുന്നതിന് വേണ്ടി 2017 ഡിസംബർ 15ന് എറണാകുളത്ത് തുടങ്ങിയ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ആഷിഷിന്റെ അക്കൗണ്ടിൽ വരുന്ന പണം സംഘത്തിലെ മറ്റുള്ളവർ എ.ടി.എം കാർഡ് ഉപയോഗിച്ച് ഡൽഹിയിൽ നിന്നാണ് പിൻവലിക്കുന്നത്. ഓൺ ലൈൻ തട്ടിപ്പ് സംഘത്തിലെ സ്ത്രീകളാണ് ബാങ്കിലെ ഉദ്യോഗസ്ഥർ എന്ന വ്യാജേന തന്ത്രപരമായി അക്കൗണ്ട് ഉടമയെ സമീപിച്ച് എ.ടി.എം കാർഡിന്റെ വിവരങ്ങളും അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈലിലേക്ക് വരുന്ന ഒ.ടി.പിയും മനസ്സിലാക്കി വിവരങ്ങൾ കൈമാറുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കേരളത്തിനകത്തും പുറത്തും നടന്ന ഓൺ ലൈൻ തട്ടിപ്പിന്റെ ചുരുളഴിയുമെന്ന നിഗമനത്തിലാണ് പോലീസ്.