തീരദേശ നിയമ ലംഘനം : എം.ജി. ശ്രീകുമാറിനെതിരെ ദ്രുത പരിശോധനയ്ക്ക് ഉത്തരവ്

മൂവാറ്റുപുഴ : തീരദേശ പരിപാലന ചട്ടം ലംഘിച്ച് കെട്ടിടം നിർമ്‍മിച്ചെന്ന പരാതിയിൽ ഗായകൻ എം.ജി. ശ്രീകുമാറിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി ദ്രുത പരിശോധനയ്ക്ക് ഉത്തരവിട്ടു. ബോൾഗാട്ടി പാലസിന് സമീപം തീരദേശ പരിപാലന നിയമങ്ങൾ, പഞ്ചായത്തിരാജ് ചട്ടങ്ങൾ എന്നിവ ലംഘിച്ച് വീട് നിർമ്മിച്ചെന്ന് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിൽ ആരോപിക്കുന്നു.
മുളവുകാട് വില്ലേജിൽ ബോൾഗാട്ടി പാലസിന്റെ ജെട്ടിയോടു ചേർന്നുള്ള ഭാഗത്ത് 11.50 സെന്റ് സ്ഥലത്താണ് കെട്ടിടം. പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം നിയമങ്ങൾ മറികടന്നാണ് നിർമ്മാണ അനുമതി നൽകിയതെന്നും അക്കാലത്തെ പഞ്ചായത്ത് സെക്രട്ടറിമാർ നിയമവിരുദ്ധ പ്രവർത്തനം തടഞ്ഞില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്.പിക്കാണ് അന്വേഷണ ചുമതല. ഫെബ്രുവരി 19−ന് മുന്‍പ് റിപ്പോർട്ട് നൽകണം.